ന്യൂഡൽഹി: കോടിക്കണക്കിന് ഫുട്ബോൾ ആരാധകർ കാത്തിരിക്കുന്ന ഫിഫ ലോകകപ്പ് ഇന്ത്യയിൽ തത്സമയം കാണാൻ സാധിക്കുമോ എന്ന കാര്യത്തിൽ കടുത്ത അനിശ്ചിതത്വം തുടരുന്നു. ലോകകപ്പ് ആരംഭിക്കാൻ വെറും മൂന്നാഴ്ച മാത്രം ബാക്കിനിൽക്കെ, ഇന്ത്യയിൽ ഏത് ചാനലിലാണ് കളി തത്സമയം സംപ്രേഷണം ചെയ്യുക എന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. വരാനിരിക്കുന്ന ഫിഫ ലോകകപ്പിന്റെ ഇന്ത്യയിലെ സംപ്രേഷണാവകാശം സ്വന്തമാക്കുന്നത് തങ്ങളുടെ ഉത്തരവാദിത്തമല്ലെന്ന് പ്രസാർ ഭാരതി ഡൽഹി ഹൈക്കോടതിയെ ഔദ്യോഗികമായി അറിയിച്ചു. ലോകകപ്പ് സംപ്രേഷണം ചെയ്യാനുള്ള അവകാശം വാങ്ങാൻ പൊതുമേഖലാ മാധ്യമ സ്ഥാപനമായ പ്രസാർ ഭാരതി മുൻകൈ എടുക്കണമെന്ന ഹർജിയിലാണ് അധികൃതർ കോടതിയിൽ നിലപാട് വ്യക്തമാക്കിയത്. ഇതോടെ ഔദ്യോഗികമായി തന്നെ ദൂരദർശൻ ഉൾപ്പെടെയുള്ള പൊതുമേഖലാ ചാനലുകൾ സംപ്രേഷണാവകാശം സ്വന്തമാക്കാനുള്ള മത്സരത്തിൽ നിന്ന് പിന്മാറി. ഇത് ഇന്ത്യൻ ഫുട്ബോൾ ആരാധകരെ കടുത്ത ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.
ചരിത്രത്തിലാദ്യമായി 32 ടീമുകൾക്ക് പകരം 48 ടീമുകളാണ് ഇത്തവണ ലോകകപ്പിൽ മാറ്റുരയ്ക്കുന്നത്. ജൂൺ 12 മുതൽ ജൂലൈ 20 വരെ നടക്കുന്ന ടൂർണമെന്റിൽ ആകെ 104 മത്സരങ്ങളുണ്ടാകും. കഴിഞ്ഞ 2022 ലോകകപ്പിൽ ഇന്ത്യയിൽ വിവിധ പ്ലാറ്റ്ഫോമുകളിലായി 74.5 കോടി പ്രേക്ഷകരാണ് കളി കണ്ടത്. ലോകകപ്പ് ടിവി പ്രേക്ഷകരുടെ എണ്ണത്തിൽ ലോകത്തിൽ തന്നെ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. എന്നിട്ടും ഇത്തവണ സംപ്രേഷണാവകാശം വിറ്റുപോകാത്തത് കായികരംഗത്തെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. ഇത്തവണ ഇന്ത്യൻ വിപണിയിൽ നിന്ന് ഫിഫ പ്രതീക്ഷിക്കുന്നത് ഏകദേശം 965 കോടി രൂപയുടെ (100 ദശലക്ഷം ഡോളർ) വരുമാനമാണ്. എന്നാൽ ഇന്ത്യയിൽ ഫുട്ബോൾ സ്ട്രീമിംഗിൽ നിന്നുള്ള വരുമാനം ഇത്രയും ഉയർന്ന തുകയ്ക്ക് അനുപാതമല്ലെന്നാണ് ചാനലുകളുടെ വിലയിരുത്തൽ.
ഇന്ത്യയിൽ മീഡിയ അവകാശം വിറ്റുപോകാത്തതിന് പ്രധാന കാരണം മത്സര സമയമാണെന്നാണ് സാമ്പത്തിക വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നത്. അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങളിലായി നടക്കുന്ന മത്സരങ്ങൾ ഇന്ത്യൻ സമയം അർദ്ധരാത്രിയിലാണ് തത്സമയം സംപ്രേഷണം ചെയ്യുക. ടൂർണമെന്റിലെ ആകെ 104 മത്സരങ്ങളിൽ 14 മത്സരങ്ങൾ മാത്രമാണ് ഇന്ത്യൻ സമയം അർദ്ധരാത്രിക്ക് മുൻപായി ആരംഭിക്കുന്നത്. ശേഷിക്കുന്ന 72 ലീഗ് മത്സരങ്ങളും 32 നോക്കൗട്ട് മത്സരങ്ങളും അർദ്ധരാത്രിക്ക് ശേഷമായിരിക്കും. ജൂലൈ 20-ന് നടക്കുന്ന ഫിഫ ലോകകപ്പ് ഫൈനൽ മത്സരം ആരംഭിക്കുന്നത് ഇന്ത്യൻ സമയം അർദ്ധരാത്രി 12:30-നാണ്. ഇത്രയും വൈകിയ വേളകളിൽ കളി കാണാൻ ഇന്ത്യൻ പ്രേക്ഷകർ എത്രത്തോളം താല്പര്യം കാണിക്കുമെന്ന ആശങ്കയിലാണ് വൻകിട സ്വകാര്യ സ്പോർട്സ് ചാനലുകളും ഡിജിറ്റൽ ഒടിടി ഭീമന്മാരും കോടികൾ മുടക്കി സംപ്രേഷണാവകാശം വാങ്ങാൻ മടിക്കുന്നത്. എങ്കിലും വരും ദിവസങ്ങളിൽ ഏതെങ്കിലും സ്വകാര്യ കമ്പനികൾ അവസാന നിമിഷം അവകാശം സ്വന്തമാക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

