Home Keralaകൊച്ചി വിമാനത്താവളത്തിൽ എബോള മുൻകരുതൽ ശക്തമാക്കി; 24 മണിക്കൂർ നിരീക്ഷണവും ഐസൊലേഷൻ സൗകര്യങ്ങളും

കൊച്ചി വിമാനത്താവളത്തിൽ എബോള മുൻകരുതൽ ശക്തമാക്കി; 24 മണിക്കൂർ നിരീക്ഷണവും ഐസൊലേഷൻ സൗകര്യങ്ങളും

by news_desk
0 comments

കൊച്ചി: ആഗോളതലത്തിൽ ആശങ്കയുയർത്തുന്ന എബോള വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ (സിയാൽ) ജാഗ്രതാ നടപടികൾ ശക്തമാക്കി. വിദേശരാജ്യങ്ങളിൽ നിന്നെത്തുന്ന യാത്രാക്കാരെ കർശനമായി നിരീക്ഷിക്കുന്നതിനായി വിമാനത്താവളത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രത്യേക നിരീക്ഷണ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. രോഗലക്ഷണങ്ങളോടെ എത്തുന്നവർക്കായി എറണാകുളം ജനറൽ ആശുപത്രി, കളമശേരി മെഡിക്കൽ കോളജ്, ആലുവ ജില്ലാ ആശുപത്രി എന്നിവിടങ്ങളിൽ അടിയന്തര ഐസൊലേഷൻ വാർഡുകളും സജ്ജീകരിച്ചു കഴിഞ്ഞു. വിദേശത്തുനിന്നെത്തുന്ന അന്താരാഷ്ട്ര യാത്രക്കാർ എമിഗ്രേഷൻ വിഭാഗത്തിന് നിർബന്ധമായും സെൽഫ് ഡിക്ലറേഷൻ ഫോം സമർപ്പിക്കണമെന്ന് സിയാൽ അധികൃതർ അറിയിച്ചു.

വിമാനത്താവളത്തിൽ എത്തുന്ന മുഴുവൻ യാത്രക്കാരെയും തെർമൽ സ്കാനിങ്, വിഷ്വൽ ഇൻസ്പെക്ഷൻ എന്നിവയ്ക്ക് വിധേയരാക്കും. ഇതിനൊപ്പം ഇവരുടെ മുൻകാല യാത്രാ ചരിത്രവും (ട്രാവൽ ഹിസ്റ്ററി) വിശദമായി പരിശോധിക്കാൻ ആരോഗ്യവകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ലോകാരോഗ്യ സംഘടന (WHO) എബോള വ്യാപനത്തെ ആഗോള ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ച സാഹചര്യത്തിൽ കോംഗോ, ഉഗാണ്ട, സൗത്ത് സുഡാൻ തുടങ്ങിയ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് എത്തുന്ന യാത്രക്കാരെ പ്രത്യേക നിരീക്ഷണത്തിന് വിധേയരാക്കും. നിലവിൽ റിപ്പോർട്ട് ചെയ്തിട്ടുള്ള എബോള വൈറസിന്റെ അഞ്ച് സ്പീഷിസുകളിൽ ‘ബുണ്ടിബുഗ്യോ എബോള വൈറസ്’ (BDBV) വകഭേദത്തിന് ഇതുവരെ ഫലപ്രദമായ വാക്സിനോ പ്രത്യേക ചികിത്സയോ ലഭ്യമല്ലെന്നത് ജാഗ്രത വർദ്ധിപ്പിക്കാൻ കാരണമായിട്ടുണ്ട്.

വൈറസ് ശരീരത്തിൽ പ്രവേശിച്ചാൽ 2 മുതൽ 21 ദിവസം വരെയാണ് ഇതിന്റെ ഇൻക്യൂബേഷൻ കാലയളവ്. ശക്തമായ പനി, തൊണ്ടവേദന, കടുത്ത തലവേദന എന്നിവ ഉൾപ്പെടെയുള്ള ഫ്ലൂ സമാന ലക്ഷണങ്ങളാണ് തുടക്കത്തിൽ കാണപ്പെടുന്നത്. രോഗബാധയേറ്റാലുള്ള മരണനിരക്ക് 30 മുതൽ 50 ശതമാനം വരെയാണെന്ന് ആരോഗ്യവകുപ്പ് ഉന്നതതല യോഗത്തിൽ വിശദീകരിച്ചു. പുതിയ സംസ്ഥാന സർക്കാരിന്റെ ആരോഗ്യവകുപ്പ് വിമാനത്താവളങ്ങളിലെ പ്രതിരോധ പ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്തുന്നുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും എന്നാൽ വിദേശത്തുനിന്നും എത്തുന്നവർ കൃത്യമായ വിവരങ്ങൾ അധികൃതർക്ക് കൈമാറി സഹകരിക്കണമെന്നും ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു.

You may also like