തിരുവനന്തപുരം: പി.എസ്.സി നിയമന തട്ടിപ്പ് ആരോപണവുമായി ബന്ധപ്പെട്ട ക്രൈംബ്രാഞ്ച് അന്വേഷണത്തിന് പൂർണ സഹകരണം നൽകുമെന്ന് കേരള പബ്ലിക് സർവീസ് കമ്മീഷൻ അറിയിച്ചു. അന്വേഷണത്തിന് ആവശ്യമായ രേഖകൾ നിയമാനുസൃതമായി കൈമാറുമെന്നും കമ്മീഷൻ വ്യക്തമാക്കി.
സർക്കാരുമായി ഏറ്റുമുട്ടൽ ഒഴിവാക്കണമെന്ന നിലപാടിന്റെ അടിസ്ഥാനത്തിലാണ് കമ്മീഷൻ യോഗം സഹകരണത്തിന് തീരുമാനമെടുത്തത്. നിലവിൽ ഉയർന്നിരിക്കുന്ന ആരോപണങ്ങളുടെ വസ്തുതാപരമായ നിജസ്ഥിതി അന്വേഷണത്തിലൂടെ പൊതുസമൂഹത്തിന് ബോധ്യമാക്കേണ്ടത് കമ്മീഷന്റെ കൂടി ആവശ്യകതയാണെന്ന് പി.എസ്.സി വിലയിരുത്തി.
അന്വേഷണത്തിന് ആവശ്യമായതും അഭിലഷണീയവുമായതും ചട്ടങ്ങളും നിയമങ്ങളും അനുവദിക്കുന്നതുമായ രേഖകൾ നിയമാനുസൃതമായി ആവശ്യപ്പെട്ടാൽ കൈമാറുമെന്നും കമ്മീഷൻ അറിയിച്ചു.
കേരളത്തിലെ ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികളും അവരുടെ രക്ഷിതാക്കളും വിശ്വാസപൂർവം ആശ്രയിക്കുന്ന ഭരണഘടനാ സ്ഥാപനമാണ് കേരള പബ്ലിക് സർവീസ് കമ്മീഷൻ. തൊഴിലന്വേഷകരായ യുവജനങ്ങളുടെ പ്രതീക്ഷയുടെ കേന്ദ്രമായ ഈ സ്ഥാപനത്തിന്റെ വിശ്വാസ്യത മറ്റെന്തിനേക്കാളും പ്രധാനമാണെന്ന് കമ്മീഷൻ വ്യക്തമാക്കി.
അതുകൊണ്ടുതന്നെ പ്രഖ്യാപിച്ചിരിക്കുന്ന ക്രൈംബ്രാഞ്ച് അന്വേഷണത്തെ കമ്മീഷൻ ഉൾക്കൊള്ളുന്നതായും, ഇന്ത്യൻ ഭരണഘടനയുടെ അന്തഃസത്ത ഉയർത്തിപ്പിടിച്ചും തൊഴിലന്വേഷകരുടെ താൽപര്യങ്ങൾ നിയമാനുസൃതമായി സംരക്ഷിച്ചും കേരള പബ്ലിക് സർവീസ് കമ്മീഷൻ തുടർന്നും പ്രവർത്തിക്കുമെന്നും പ്രസ്താവനയിൽ അറിയിച്ചു.

