Home Sportsനെയ്മറിന് വീണ്ടും പരിക്ക്; എങ്കിലും ലോകകപ്പിൽ ആശങ്ക വേണ്ടെന്ന് സാന്റോസ് ക്ലബ്ബ്

നെയ്മറിന് വീണ്ടും പരിക്ക്; എങ്കിലും ലോകകപ്പിൽ ആശങ്ക വേണ്ടെന്ന് സാന്റോസ് ക്ലബ്ബ്

by news_desk
0 comments

റിയോ ഡി ജനീറോ: വരാനിരിക്കുന്ന ഫുട്‌ബോൾ ലോകകപ്പിനുള്ള ബ്രസീൽ സ്ക്വാഡിൽ സൂപ്പർ താരം നെയ്മറെ ഉൾപ്പെടുത്തിയ വാർത്ത ആരാധകർ ആവേശത്തോടെയാണ് വരവേറ്റത്. താരം ടീമിലുണ്ടാകുമോ എന്ന ആശങ്കകൾക്ക് വിരാമമിട്ട് ടീം പ്രഖ്യാപനം വന്നപ്പോൾ നെയ്മർ പോലും കണ്ണീരണിഞ്ഞ കാഴ്ച അന്താരാഷ്ട്ര മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. എന്നാൽ, പ്രഖ്യാപനം കഴിഞ്ഞ് ദിവസങ്ങൾ പിന്നിടുമ്പോൾ നെയ്മറിന് വീണ്ടും പരിക്കേറ്റെന്ന വാർത്തയാണ് പുറത്തുവരുന്നത്. കാലിലെ കണങ്കാൽ പേശിക്കേറ്റ പരിക്കാണ് താരത്തിന് ഇപ്പോൾ തിരിച്ചടിയായിരിക്കുന്നത്. എങ്കിലും പരിക്കിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും, താരം വേഗത്തിൽ സുഖം പ്രാപിച്ച് അടുത്തയാഴ്ച തന്നെ ടീമിനൊപ്പം ചേരുമെന്നും നിലവിലെ ക്ലബ്ബായ സാന്റോസ് ഔദ്യോഗികമായി വിശദീകരിച്ചു.

പരിക്ക് നെയ്മറിന്റെ കരിയറിൽ ഒട്ടേറെത്തവണ കരിനിഴൽ വീഴ്ത്തിയിട്ടുണ്ട്. കരിയറിന്റെ സുവർണ്ണകാലത്ത് പല സുപ്രധാന മത്സരങ്ങളും നഷ്ടമായത് താരത്തിനും രാജ്യത്തിനും വലിയ തിരിച്ചടിയായിരുന്നു. 2013-14 സീസൺ മുതൽ ഇങ്ങോട്ട് മാത്രം വിവിധ ക്ലബ്ബുകളിലും രാജ്യത്തിനുമായി കളിക്കുന്നതിനിടെ 46 തവണയാണ് നെയ്മറിന് പരിക്കേറ്റത്. പല കാലങ്ങളിലായുണ്ടായ ഈ പരിക്കുകൾ മൂലം കരിയറിൽ ആകെ 1576 ദിവസങ്ങളാണ് താരത്തിന് കളിക്കളത്തിന് പുറത്തിരിക്കേണ്ടി വന്നത്. പരിക്ക് കാരണം ക്ലബ്ബുകൾക്കും ബ്രസീലിനുമായി 277 മത്സരങ്ങളും ഇക്കാലയളവിൽ നഷ്ടമായി. ബ്രസീൽ ദേശീയ ടീമിന് പുറമെ ബാഴ്‌സലോണ, പിഎസ്ജി, അൽ ഹിലാൽ, സാന്റോസ് എന്നീ ക്ലബ്ബുകൾക്ക് വേണ്ടി ബൂട്ടു കെട്ടുമ്പോഴെല്ലാം പരിക്കുകൾ വില്ലനായി എത്തിയിരുന്നു.

അമേരിക്കൻ ഭൂഖണ്ഡത്തിൽ ലോകകപ്പിന് വിസിലുയരുമ്പോൾ ബ്രസീൽ സംഘത്തിൽ നെയ്മറുണ്ടാകുമോയെന്ന കാര്യത്തിൽ നിരീക്ഷകർക്കിടയിൽ വലിയ സംശയങ്ങൾ നിലനിന്നിരുന്നു. എന്നാൽ ജൂണിൽ ആരംഭിക്കുന്ന ഫിഫ ഫുട്‌ബോൾ ലോകകപ്പിനുള്ള 26 അംഗ ബ്രസീൽ ടീമിനെ കോച്ച് കാർലോ ആഞ്ചലോട്ടി പ്രഖ്യാപിച്ചപ്പോൾ അതിൽ 34-കാരനായ നെയ്മർ ഇടംപിടിക്കുകയായിരുന്നു. നെയ്മറിന്റെ മാച്ച് ഫിറ്റ്‌നസിനെച്ചൊല്ലി ആശങ്കകൾ ഉണ്ടായിരുന്നെങ്കിലും താരത്തിന്റെ അനുഭവസമ്പത്തിലും കളിമിടുക്കിലും കോച്ച് പൂർണ്ണ വിശ്വാസമർപ്പിച്ചു. 79 ഗോളുകളുമായി ബ്രസീലിന്റെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനായ നെയ്മർ, 2023 ഒക്ടോബറിലുണ്ടായ കടുത്ത പരിക്കിന് ശേഷം പൂർണ്ണ കായികക്ഷമത തിരിച്ചുപിടിക്കാൻ ഏറെ ബുദ്ധിമുട്ടിയിരുന്നു. പിഎസ്ജി വിട്ട് സൗദി ക്ലബ്ബ് അൽ ഹിലാലിലേക്ക് ചുവടുമാറിയ താരം പിന്നീട് ബ്രസീലിലെ തന്റെ പഴയ ക്ലബ്ബായ സാന്റോസിലേക്ക് തിരികെപ്പോകുകയായിരുന്നു. 2014, 2018, 2022 ലോകകപ്പുകളിൽ കളിച്ച നെയ്മറുടെ സാന്നിധ്യം ഇത്തവണയും കാനറപ്പടയ്ക്ക് കരുത്താകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

You may also like