തിരുവനന്തപുരം: സംസ്ഥാനത്ത് അധികാരമേറ്റതിന് പിന്നാലെ ലഹരി മാഫിയക്കെതിരെ കടുത്ത നടപടികളുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ലഹരി മാഫിയയെ പൂർണ്ണമായി അടിച്ചമർത്തുന്നതിനായി ‘ഓപ്പറേഷൻ तूफान (തുഫാൻ) – ദ നർക്കോ ഹണ്ട്’ എന്ന പേരിൽ പ്രത്യേക വിപുലമായ പദ്ധതിക്ക് രൂപം നൽകിയതായി മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളെ പൂർണ്ണമായും ജനസേവന കേന്ദ്രങ്ങളാക്കി മാറ്റുമെന്നും ലഹരിമാഫിയയുടെ വേരറുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഡിജിപിയും പോലീസ് ഉപദേഷ്ടാവും ആഭ്യന്തര മന്ത്രിയോടൊപ്പം വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
സംസ്ഥാനത്തെ 484 പോലീസ് സ്റ്റേഷനുകളിലും ഇതിന്റെ ഭാഗമായി സമൂലമായ മാറ്റങ്ങൾ വരുത്തും. സ്റ്റേഷനുകളിൽ എത്തുന്ന ഏതൊരു സാധാരണക്കാരനെയും ‘ഗുഡ് മോണിംഗ്’ പറഞ്ഞ് മാന്യമായി സ്വീകരിക്കുന്ന രീതി നടപ്പിലാക്കും. പോലീസ് സ്റ്റേഷൻ പരിസരങ്ങൾ പൂർണ്ണമായി വൃത്തിയാക്കുകയും വർഷങ്ങളായി കെട്ടിക്കിടക്കുന്ന വാഹനങ്ങൾ അടിയന്തിരമായി നീക്കം ചെയ്യുകയും ചെയ്യും. സ്റ്റേഷനുകളിൽ എത്തുന്നവരുടെ പരാതികൾ ഉദ്യോഗസ്ഥർ സമചിത്തതയോടെ കേൾക്കണമെന്നും, ഇതിനായി പോലീസ് ട്രെയിനിംഗ് സിലബസ് കാലാനുസൃതമായി പരിഷ്കരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ലഹരി മാഫിയയുടെ വലിയ ശൃംഖല തകർക്കുന്നതിനായി മാധ്യമങ്ങളുടെയും പൊതുജനങ്ങളുടെയും ആത്മാർത്ഥമായ സഹായവും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. നിയമ ലംഘനം നടത്തുന്നവരെയും പോലീസിനെ വെല്ലുവിളിക്കുന്നവരെയും യാതൊരു കാരണവശാലും വെച്ചുപൊറുപ്പിക്കില്ല. ഇതിനൊപ്പം സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനായി കർശനമായ ആധുനിക സുരക്ഷാ നടപടികൾ സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രി ജനങ്ങൾക്ക് ഉറപ്പുനൽകി. പുതിയ യുഡിഎഫ് സർക്കാരിന്റെ ലഹരിവിരുദ്ധ പോരാട്ടങ്ങൾക്ക് ഈ പദ്ധതി വലിയ കരുത്താകുമെന്നാണ് വിലയിരുത്തൽ.

