ആലപ്പുഴ: ശക്തമായ മഴയെ തുടർന്ന് ചെങ്ങന്നൂർ പുലിയൂരിൽ വീട്ടുമുറ്റത്തെ കിണർ പൂർണമായും ഇടിഞ്ഞ് താഴ്ന്നു. പുലിയൂർ സ്വദേശി ശിവന്റെ വീട്ടുവളപ്പിലുണ്ടായ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.
ഇന്നലെ രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം. വെള്ളിയാഴ്ച രാത്രി മുതൽ പ്രദേശത്ത് ശക്തമായ മഴ തുടരുകയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. രാവിലെ വീട്ടുമുറ്റത്ത് നിന്ന് കനത്ത ശബ്ദം കേട്ടതോടെ വീട്ടുകാർ പുറത്തിറങ്ങി നോക്കിയപ്പോഴാണ് കിണർ ഇടിഞ്ഞ് താഴുന്നത് കണ്ടത്.
ഇന്റർലോക്ക് ചെയ്ത മുറ്റത്തിനിടയിലായിരുന്ന കിണർ ഏതാനും നിമിഷങ്ങൾക്കകം താഴേക്ക് പതിക്കുകയായിരുന്നു. സംഭവം വീട്ടുകാരുടെ കൺമുന്നിലായിരുന്നു നടന്നത്. അപകടത്തിൽ ആളപായമോ മറ്റ് നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.
അതേസമയം സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസവും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴ ശക്തമാകാനിടയുള്ള പ്രദേശങ്ങളിൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.

