ആലപ്പുഴ: ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിയ യുവതി ആശുപത്രിയിലെ ശുചിമുറിയിൽ പ്രസവിച്ചതിന് പിന്നാലെ നവജാത ശിശുവിനെ ജനലിലൂടെ പുറത്തേക്ക് എറിഞ്ഞതായി സംഭവം. കുഞ്ഞിനെ ആശുപത്രി ജീവനക്കാർ രക്ഷപ്പെടുത്തി. ശിശുവിന് ഗുരുതര പരിക്കുകളില്ലെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടർമാർ അറിയിച്ചു.
വയറുവേദന അനുഭവപ്പെടുന്നതായി പറഞ്ഞാണ് പത്തൊൻപതുകാരി ആശുപത്രിയിലെത്തിയത്. പിതാവും സഹോദരങ്ങളും ഒപ്പമുണ്ടായിരുന്നു. പരിശോധനയ്ക്കിടെ ഗർഭധാരണത്തെക്കുറിച്ച് സംശയം ഉണ്ടായിരുന്നെങ്കിലും കൂടുതൽ പരിശോധനയ്ക്ക് യുവതി തയ്യാറായില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
രാത്രിയോടെ ശുചിമുറിയിൽ നിന്ന് കുഞ്ഞിന്റെ കരച്ചിൽ കേട്ടതിനെ തുടർന്ന് ആശുപത്രി ജീവനക്കാർ പരിശോധന നടത്തി. തുടർന്ന് ശുചിമുറിയുടെ ജനലിന് പുറത്തുനിന്നാണ് നവജാത ശിശുവിനെ കണ്ടെത്തിയത്. ഉടൻ കുഞ്ഞിന് ചികിത്സ നൽകി സുരക്ഷിതമാക്കി.
സംഭവത്തെ തുടർന്ന് അമ്മയെയും കുഞ്ഞിനെയും വണ്ടാനം മെഡിക്കൽ കോളേജിലേക്ക് മാറ്റി. നവജാത ശിശുവിനെ പ്രത്യേക പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ശേഖരിച്ച് അധികൃതർ അന്വേഷണം ആരംഭിച്ചു.

