ദില്ലി: സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയ ‘കോക്രോച്ച് ജനതാ പാർട്ടി’യുടെ ഔദ്യോഗിക എക്‌സ് അക്കൗണ്ട് റദ്ദാക്കിയ കേന്ദ്ര സർക്കാർ നടപടിക്കെതിരെ സ്ഥാപകൻ അഭിജീത് ദിപ്‌കെ ദില്ലി ഹൈക്കോടതിയെ സമീപിച്ചു. അക്കൗണ്ട് പുനഃസ്ഥാപിക്കണമെന്ന ആവശ്യത്തോടെയാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്.
ദേശീയ സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് അക്കൗണ്ടിന് നിയന്ത്രണം ഏർപ്പെടുത്തിയതെന്നാണ് കേന്ദ്ര സർക്കാരിന്റെ നിലപാട്. എന്നാൽ രാഷ്ട്രീയ പരിഹാസത്തെയും വിമർശനങ്ങളെയും നിയന്ത്രിക്കാൻ സ്വീകരിച്ച നടപടിയാണിതെന്നും അഭിപ്രായ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും ഹർജിയിൽ ആരോപിക്കുന്നു.
സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ച ഒരു പരാമർശത്തെ തുടർന്ന് രൂപം കൊണ്ട പരിഹാസ കൂട്ടായ്മയാണ് ‘കോക്രോച്ച് ജനതാ പാർട്ടി’. തൊഴിലില്ലായ്മ, നീറ്റ് പരീക്ഷയിലെ ക്രമക്കേടുകൾ അടക്കമുള്ള വിഷയങ്ങളിൽ രാഷ്ട്രീയ ആക്ഷേപഹാസ്യ ഉള്ളടക്കങ്ങളിലൂടെ കൂട്ടായ്മ ശ്രദ്ധ നേടിയിരുന്നു.
ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഐടി നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരമാണ് കേന്ദ്ര ഇലക്ട്രോണിക്സ് മന്ത്രാലയം അക്കൗണ്ടിനെതിരെ നടപടി സ്വീകരിച്ചതെന്നാണ് റിപ്പോർട്ട്. രാജ്യത്തിന്റെ പരമാധികാരത്തിനും സുരക്ഷയ്ക്കും ഭീഷണിയുണ്ടാകാമെന്ന ആശങ്കയാണ് നടപടിക്ക് കാരണമായി സർക്കാർ ചൂണ്ടിക്കാട്ടുന്നത്.
എക്‌സ് അക്കൗണ്ടിനൊപ്പം വെബ്‌സൈറ്റിനും ഇൻസ്റ്റഗ്രാം പേജിനും നിയന്ത്രണം നേരിട്ടതായും സൈബർ ആക്രമണ ശ്രമങ്ങൾ ഉണ്ടായതായും ഹർജിക്കാരൻ ആരോപിക്കുന്നു. വിഷയത്തിൽ ദില്ലി ഹൈക്കോടതി ഉടൻ വാദം കേൾക്കുമെന്നാണ് സൂചന.

