തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു. ഇത്തവണ 77.97 ആണ് വിജയശതമാനം. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വിജയശതമാനത്തിൽ 0.16 ശതമാനത്തിന്റെ നേരിയ വർദ്ധനവ് ഇത്തവണ രേഖപ്പെടുത്തിയിട്ടുണ്ട്. സെക്രട്ടറിയേറ്റിലെ പിആർഡി ചേംബറിൽ വെച്ച് നടന്ന വാർത്താസമ്മേളനത്തിൽ വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീനാണ് പരീക്ഷാഫലം ഔദ്യോഗികമായി പുറത്തുവിട്ടത്. ഹയർസെക്കൻഡറി വിഭാഗത്തിൽ സംസ്ഥാനത്തെ 1990 സ്കൂളുകളിലായി ആകെ 4,25,000 വിദ്യാർത്ഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. ഇതിൽ ഹയർസെക്കൻഡറി റഗുലർ വിഭാഗത്തിൽ പരീക്ഷയെഴുതിയ 3,72,423 പേരിൽ 2,90,398 വിദ്യാർത്ഥികൾ ഉപരിപഠനത്തിന് യോഗ്യത നേടി. പരീക്ഷ എഴുതിയ ആൺകുട്ടികളിൽ 68.41 ശതമാനം പേരും പെൺകുട്ടികളിൽ 86.89 ശതമാനം പേരും ഉപരിപഠനത്തിന് അർഹത നേടിയിട്ടുണ്ട്. ഇത്തവണയും വിജയശതമാനത്തിൽ പെൺകുട്ടികളാണ് മുന്നിൽ.
രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി ഫലത്തിനൊപ്പം തന്നെ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി (വിഎച്ച്എസ്ഇ) പരീക്ഷാഫലവും മന്ത്രി പ്രഖ്യാപിച്ചു. പുതിയ യുഡിഎഫ് സർക്കാർ അധികാരമേറ്റ ശേഷമുള്ള ആദ്യ പ്രധാന പരീക്ഷാഫല പ്രഖ്യാപനമാണിത്. വിദ്യാർത്ഥികൾക്ക് വിവിധ ഔദ്യോഗിക സർക്കാർ വെബ്സൈറ്റുകളിലും മൊബൈല്‍ ആപ്ലിക്കേഷനുകള്‍ വഴിയും ഫലം ലഭ്യമാകും. പരീക്ഷാഫലം അറിയാൻ nammudekeralam.kerala.gov.in ഉൾപ്പെടെയുള്ള വിവിധ പോർട്ടലുകളിൽ സൗകര്യമൊരുക്കിയിട്ടുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ഉപരിപഠനത്തിന് യോഗ്യത നേടിയ വിദ്യാർത്ഥികൾക്ക് ആവശ്യമായ പ്ലസ് വൺ സീറ്റുകളും തുടർസൗകര്യങ്ങളും സംസ്ഥാനത്ത് കൃത്യമായി ഉറപ്പാക്കുമെന്നും വിദ്യാഭ്യാസ മന്ത്രി കൂട്ടിച്ചേർത്തു.

