Home Editorialജനാധിപത്യത്തിന്റെ വാതിലിൽ വീണ്ടും കേന്ദ്ര ഏജൻസിയുടെ മുട്ട്

ജനാധിപത്യത്തിന്റെ വാതിലിൽ വീണ്ടും കേന്ദ്ര ഏജൻസിയുടെ മുട്ട്

by news_desk
0 comments

കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ സമാനതകളില്ലാത്ത അധികാരമാറ്റത്തിനാണ് കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനം സാക്ഷ്യം വഹിച്ചത്. പത്ത് വർഷം നീണ്ട ഇടത് ഭരണത്തിന് വിരാമമിട്ട് യു.ഡി.എഫ് അധികാരത്തിലെത്തി. ഒരിക്കൽ ഭരണത്തിന്റെ കേന്ദ്രബിന്ദുവിലായിരുന്ന പിണറായി വിജയൻ ഇന്ന് പ്രതിപക്ഷ നിരയിലാണ്. പുതിയ സർക്കാർ അധികാരമേറ്റ് ദിവസങ്ങൾ മാത്രം പിന്നിടുമ്പോൾ തന്നെ സംസ്ഥാന രാഷ്ട്രീയത്തെ വീണ്ടും അസ്വസ്ഥമാക്കിക്കൊണ്ട് കേന്ദ്ര അന്വേഷണ ഏജൻസികളുടെ കടന്നുവരവ് ചർച്ചയാകുകയാണ്. പതിനാറാം കേരള നിയമസഭയുടെ ആദ്യ സമ്മേളനങ്ങൾ ആരംഭിക്കാനിരിക്കെ, മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടിലുൾപ്പെടെ വിവിധ ഇടങ്ങളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ മിന്നൽ പരിശോധന രാഷ്ട്രീയ കേരളത്തെ നടുക്കി. പുലർച്ചെയുണ്ടായ ഈ റെയ്ഡ് ഒരു സാധാരണ അന്വേഷണ നടപടിയെക്കാൾ വലിയ രാഷ്ട്രീയ സന്ദേശമാണ് നൽകുന്നത്. കാരണം, ഇത് വെറും നിയമനടപടിയാണോ അതോ രാഷ്ട്രീയ ലക്ഷ്യബോധത്തോടെയുള്ള ശക്തിപ്രകടനമാണോ എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിപക്ഷ നേതാക്കൾക്കെതിരെ കേന്ദ്ര അന്വേഷണ ഏജൻസികൾ നടത്തുന്ന ഇടപെടലുകൾ നേരത്തെയും വലിയ വിവാദങ്ങൾക്ക് വഴിവച്ചിട്ടുണ്ട്. അധികാരകേന്ദ്രങ്ങളോട് രാഷ്ട്രീയമായി വിയോജിക്കുന്നവരെ നിയമത്തിന്റെ പേരിൽ വളയുക എന്ന വിമർശനം പല സംസ്ഥാനങ്ങളിലും ഉയർന്നിട്ടുണ്ട്. മഹാരാഷ്ട്ര മുതൽ ഡൽഹിവരെ, ബംഗാൾ മുതൽ തമിഴ്നാടുവരെയുള്ള രാഷ്ട്രീയ സംഭവവികാസങ്ങൾ അതിന്റെ ഉദാഹരണങ്ങളായി നിരന്തരം ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇപ്പോൾ കേരളത്തിലും അതേ മാതൃക ആവർത്തിക്കപ്പെടുന്നുവെന്ന തോന്നലാണ് ഇടത് പക്ഷം ഉൾപ്പെടെ ഉയർത്തുന്നത്. പിണറായി വിജയനോ കുടുംബാംഗങ്ങളോ സംബന്ധിച്ചുള്ള ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണം നടക്കുന്നതിൽ ആരും എതിർപ്പുയർത്തുന്നില്ല. നിയമം അതിന്റെ വഴിക്ക് പോകണം. എന്നാൽ, നിയമനടപടികളുടെ പേരിൽ ജനാധിപത്യപരമായ മാന്യതകളും ഭരണഘടനാപരമായ പരിധികളും ലംഘിക്കപ്പെടരുത്. അന്വേഷണ ഏജൻസികൾക്ക് രാഷ്ട്രീയ ചായം പകരുമ്പോൾ അതിന്റെ ആഘാതം വ്യക്തികളിൽ ഒതുങ്ങുന്നില്ല; ജനങ്ങളുടെ നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസത്തെയും അത് ബാധിക്കും. ഇപ്പോൾ ചർച്ചയാകുന്ന കേസ് ഒരു സ്വകാര്യ കമ്പനിയുടെ നികുതി ഇടപാടുകളുമായി ബന്ധപ്പെട്ടതാണ്. അതിൽ സർക്കാർ നയതീരുമാനങ്ങളോ പൊതുസമ്പത്തിന്റെ ദുരുപയോഗമോ അഴിമതി തെളിവുകളോ സംബന്ധിച്ച വ്യക്തമായ കണ്ടെത്തലുകൾ ഇതുവരെ പുറത്തുവന്നിട്ടില്ല.

അത്തരമൊരു സാഹചര്യത്തിൽ, മുൻ മുഖ്യമന്ത്രിയുടെ വസതിയിൽ പുലർച്ചെ റെയ്ഡ് നടത്തിയത് അന്വേഷണത്തിന്റെ അനിവാര്യ ഘടകമായിരുന്നോ എന്ന ചോദ്യം സ്വാഭാവികമായി ഉയരുന്നു. രാഷ്ട്രീയമായി ശക്തമായ സന്ദേശം നൽകുക എന്ന ലക്ഷ്യം ഇതിന് പിന്നിലുണ്ടോ എന്ന സംശയം അതുകൊണ്ടുതന്നെ ശക്തമാണ്. ജനാധിപത്യത്തിൽ രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങൾ സ്വാഭാവികമാണ്. അധികാരമാറ്റങ്ങളും ആരോപണപ്രതാരോപണങ്ങളും രാഷ്ട്രീയത്തിന്റെ ഭാഗമാണ്. എന്നാൽ അന്വേഷണ ഏജൻസികളെ രാഷ്ട്രീയ ആയുധങ്ങളാക്കി ഉപയോഗിക്കുന്ന പ്രവണത ശക്തിപ്പെടുകയാണെങ്കിൽ അത് രാജ്യത്തിന്റെ ഫെഡറൽ ആത്മാവിനും ജനാധിപത്യ സംസ്കാരത്തിനും ഭീഷണിയാകും. ഇന്ന് ഒരു രാഷ്ട്രീയ പക്ഷത്തിനെതിരെ ഉപയോഗിക്കുന്ന അതേ സംവിധാനങ്ങൾ നാളെ മറ്റൊരാളിലേക്കും തിരിയാം. അതുകൊണ്ടുതന്നെ ഈ വിഷയത്തെ കക്ഷിരാഷ്ട്രീയത്തിന്റെ കണ്ണാടിയിലൂടെ മാത്രം കാണാനാവില്ല. കേരളം രാഷ്ട്രീയ ബോധമുള്ള ജനതയുടെ നാടാണ്. ഇവിടെ അഭിപ്രായവ്യത്യാസങ്ങൾ ശക്തമായാലും ജനാധിപത്യ സ്ഥാപനങ്ങളോടുള്ള ബഹുമാനം നിലനിന്നിട്ടുണ്ട്. ആ വിശ്വാസം തകർക്കുന്ന തരത്തിൽ കേന്ദ്ര ഏജൻസികൾ പ്രവർത്തിക്കരുത്. അന്വേഷണം നിയമപരവും സുതാര്യവുമായിരിക്കണം; രാഷ്ട്രീയപ്രേരിതമായ പ്രതികാരനടപടികളുടെ പ്രതീതി പോലും ഉണ്ടാകരുത്. കാരണം, ജനാധിപത്യത്തിന്റെ ശക്തി അധികാരത്തിന്റെ കരുത്തിലല്ല; നിയമത്തിന്റെ നീതിയിലും സ്ഥാപനങ്ങളുടെ വിശ്വാസ്യതയിലുമാണ്. ആ വിശ്വാസം നഷ്ടപ്പെട്ടാൽ അതിന്റെ ആഘാതം ഒരാൾക്കോ ഒരു പാർട്ടിക്കോ മാത്രമല്ല, മുഴുവൻ രാജ്യത്തിനുമാകും.

You may also like