തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള കഴിഞ്ഞ സർക്കാർ സംസ്ഥാനത്തിന്റെ ഖജനാവ് പൂർണ്ണമായും കാലിയാക്കിയിട്ടാണ് സ്ഥാനമൊഴിഞ്ഞതെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഇത്രയും വലിയ തുക എന്തിനുവേണ്ടിയാണ് മുൻ സർക്കാർ ചെലവാക്കിയതെന്ന് അദ്ദേഹം ചോദിച്ചു. ഈ പണമൊന്നും സംസ്ഥാനത്തിന്റെ പുരോഗതിക്കുവേണ്ടി ആയിരുന്നില്ല ചെലവഴിച്ചതെന്ന് വ്യക്തമാണ്. അഴിമതിയും കൊള്ളയും മാത്രം നടത്തിയ ഒരു സർക്കാരാണ് കഴിഞ്ഞ അഞ്ച് വർഷം ഇവിടെ ഭരിച്ചതെന്നും രമേശ് ചെന്നിത്തല കടുത്ത ഭാഷയിൽ ആരോപിച്ചു. മുൻ സർക്കാർ നടത്തിയ ഓരോ അഴിമതിയും പുതിയ യുഡിഎഫ് സർക്കാർ കൃത്യമായി അന്വേഷിച്ച് പുറത്തുകൊണ്ടുവരുമെന്നും കൂടുതൽ കർശന നടപടികൾ ഇനി വരാനിരിക്കുന്നതേയുള്ളൂവെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. നിലവിൽ സംസ്ഥാനത്ത് കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകളും പ്രയാസങ്ങളും ഉണ്ട്. എന്നാൽ അതിന്റെ പേരിൽ സർക്കാർ ജീവനക്കാരുടെ അർഹതപ്പെട്ട യാതൊരുവിധ ആനുകൂല്യങ്ങളും പുതിയ സർക്കാർ തടഞ്ഞുവെക്കില്ല. യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്ന് പത്തുദിവസം തികയുന്നതിനു മുൻപ് തന്നെ രാഷ്ട്രീയ പ്രേരിതമായി സമരങ്ങൾ ആരംഭിച്ചിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മാസപ്പടി കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണം നടത്താൻ തീരുമാനിച്ചത് പുതിയ യുഡിഎഫ് സർക്കാരാണോ എന്ന് ചോദിച്ച മന്ത്രി, കേന്ദ്ര ഏജൻസിയുടെ അന്വേഷണങ്ങളെ നിയമപരമായാണ് നേരിടേണ്ടതെന്നും അതിന് തയ്യാറാകാതെ സംസ്ഥാനത്ത് വ്യാപകമായി അക്രമങ്ങൾ അഴിച്ചുവിട്ടത് എന്തിനാണെന്നും ചോദിച്ചു. ഇഡി ഉദ്യോഗസ്ഥർ പരിശോധനയ്ക്കായി വന്നത് സംസ്ഥാന ആഭ്യന്തരവകുപ്പിനെയോ പോലീസിനെയോ മുൻകൂട്ടി അറിയിച്ചിട്ടല്ല. റെയ്ഡ് കഴിഞ്ഞ് അവർ മടങ്ങിപ്പോയപ്പോഴും വിവരം നൽകിയിട്ടില്ല. ഇഡി ഉദ്യോഗസ്ഥർ വന്നതും പോയതും പോലീസുകാർ അറിയാത്ത സാഹചര്യത്തിൽ അവർക്ക് എങ്ങനെയാണ് മുൻകൂട്ടി സുരക്ഷ നൽകുകയെന്നും തിരുവനന്തപുരത്ത് ഉണ്ടായത് ഏറ്റവും ദൗർഭാഗ്യകരമായ സംഭവമാണെന്നും അദ്ദേഹം വിശദീകരിച്ചു. നിയമം കൈയിലെടുത്ത് അക്രമം കാണിച്ച കുറ്റക്കാർക്കെതിരെ പോലീസ് കർശനമായ നടപടി സ്വീകരിക്കും. കേവലം അധികാരത്തിൽ നിന്ന് പുറത്തുപോയതിന്റെ വിഷമം പൊതുമുതൽ നശിപ്പിച്ചും അക്രമം കാണിച്ചുമല്ല തീർക്കേണ്ടതെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

