ന്യൂഡൽഹി: ദക്ഷിണ ഡൽഹിയിലെ മെഹ്റൗളി മേഖലയിൽ അഞ്ച് നില കെട്ടിടം തകർന്നുവീണ് നിരവധി പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയതായി ആശങ്ക. അപകടത്തെ തുടർന്ന് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നും ഇതുവരെ നാല് പേരെ ജീവനോടെ പുറത്തെടുത്തതായും അധികൃതർ അറിയിച്ചു.
വൈകിട്ട് 7.44 ഓടെയാണ് കെട്ടിടം തകർന്നുവീണ വിവരം ലഭിച്ചതെന്ന് ഡൽഹി അഗ്നിശമന സേനയെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കൂടുതൽ അഗ്നിശമന സേനാ യൂണിറ്റുകളും ദുരന്തനിവാരണ സംഘങ്ങളും സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നുണ്ട്.
രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി മുതിർന്ന ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്. കെട്ടിടം തകർന്നുവീഴുന്ന സമയത്ത് എത്ര പേർ അകത്തുണ്ടായിരുന്നുവെന്ന കാര്യത്തിൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.
കെട്ടിടം തകരുന്നതിന് തൊട്ടുമുമ്പ് വലിയ ശബ്ദം കേട്ടതായും തുടർന്ന് പ്രദേശമാകെ പൊടിപടലങ്ങൾ പടർന്നതായും ദൃക്സാക്ഷികൾ പറഞ്ഞു. അപകടത്തിന് പിന്നിലെ കാരണം എന്താണെന്ന് വ്യക്തമല്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

