Home Keralaമഴയുടെ സംഗീതമായി ‘മേഘ്മൽഹാർ’; അമ്മത്തൊട്ടിലിൽ പുതിയ ജീവന്റെ വരവ്

മഴയുടെ സംഗീതമായി ‘മേഘ്മൽഹാർ’; അമ്മത്തൊട്ടിലിൽ പുതിയ ജീവന്റെ വരവ്

by news_desk1
0 comments

തിരുവനന്തപുരം: കനത്ത മഴ പെയ്തിറങ്ങിയ സായാഹ്നത്തിൽ സംസ്ഥാന ശിശുക്ഷേമ സമിതിയുടെ തിരുവനന്തപുരം അമ്മത്തൊട്ടിലിലേക്ക് ഒരു ദിവസം മാത്രം പ്രായമുള്ള ആൺകുഞ്ഞ് എത്തി. വെള്ളിയാഴ്ച വൈകിട്ട് 6.30ഓടെയാണ് 3.25 കിലോഗ്രാം ഭാരമുള്ള കുഞ്ഞിനെ അമ്മത്തൊട്ടിലിൽ കണ്ടെത്തിയത്. ഈ വർഷം തിരുവനന്തപുരം അമ്മത്തൊട്ടിലിൽ ലഭിക്കുന്ന ഏഴാമത്തെ കുഞ്ഞാണിത്.

മഴയുടെ വരവിനെ അനുസ്മരിപ്പിച്ച് കുഞ്ഞിന് ‘മേഘ്മൽഹാർ’ എന്ന പേരാണ് നൽകിയതെന്ന് സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി അഡ്വ. ജി. എൽ. അരുൺ ഗോപി അറിയിച്ചു. മഴയെ ആഹ്വാനം ചെയ്യുന്ന ഹിന്ദുസ്ഥാനി സംഗീതത്തിലെ പ്രശസ്തമായ ഒരു രാഗമാണ് മേഘ്മൽഹാർ.

സമിതി ആസ്ഥാനത്ത് ജനറൽ സെക്രട്ടറിയും ജീവനക്കാരും ഉണ്ടായിരുന്ന സമയത്താണ് അമ്മത്തൊട്ടിലിൽ പുതിയ അതിഥി എത്തിയതായി അലാറം മുഴങ്ങിയത്. തൊട്ടിലിൽ സ്ഥാപിച്ചിരുന്ന നിരീക്ഷണ സംവിധാനത്തിലൂടെ കുഞ്ഞിന്റെ ചിത്രം ലഭിച്ചതോടെ ജീവനക്കാർ ഉടൻ സ്ഥലത്തെത്തി കുഞ്ഞിനെ ശിശുപരിചരണ കേന്ദ്രത്തിലേക്ക് മാറ്റി. പ്രാഥമിക പരിശോധനകൾക്കുശേഷം തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ എത്തിച്ച കുഞ്ഞ് പൂർണ ആരോഗ്യവാനാണെന്ന് ഡോക്ടർമാർ അറിയിച്ചു.

2023 മെയ് മുതൽ സംസ്ഥാനത്തെ അമ്മത്തൊട്ടിലുകൾ വഴി 106 കുട്ടികളാണ് ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തിലേക്ക് എത്തിയത്. ഇതിൽ ഏറ്റവും കൂടുതൽ കുട്ടികൾ തിരുവനന്തപുരം കേന്ദ്രത്തിലൂടെയാണ് ലഭിച്ചത്. ഇതേ കാലയളവിൽ സ്വദേശത്തും വിദേശത്തുമായി 233 കുട്ടികൾക്ക് ദത്തെടുക്കൽ സൗകര്യം ലഭിച്ചതായും സമിതി അറിയിച്ചു.

സംസ്ഥാനത്തുടനീളമുള്ള വിവിധ ശിശുപരിചരണ കേന്ദ്രങ്ങളിലായി നിലവിൽ 285 കുട്ടികളാണ് സംരക്ഷണത്തിലുള്ളത്. മേഘ്മൽഹാറിന്റെ ദത്തെടുക്കൽ നടപടികൾ ആരംഭിക്കേണ്ടതിനാൽ കുഞ്ഞിന്റെ അവകാശികൾ ആരെങ്കിലും ഉണ്ടെങ്കിൽ ശിശുക്ഷേമ സമിതിയുമായി ബന്ധപ്പെടണമെന്ന് ജനറൽ സെക്രട്ടറി അഭ്യർഥിച്ചു.

You may also like