തിരുവനന്തപുരം: ഫേസ്ബുക്കിൽ മുഖ്യമന്ത്രിയെ വിമർശിക്കുന്ന തരത്തിലുള്ള പോസ്റ്റ് പങ്കുവെച്ചെന്നാരോപിച്ച് സസ്പെൻഡ് ചെയ്ത ആറ്റിങ്ങൽ മോഡൽ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ എസ്. ജവാദിനെതിരായ നടപടി പിൻവലിക്കാൻ നിർദേശം. വിഷയത്തിൽ മുഖ്യമന്ത്രി നേരിട്ടാണ് ഇടപെട്ടത്.
പൊതുവിദ്യാഭ്യാസ ഡയറക്ടർ കഴിഞ്ഞ ദിവസമാണ് എസ്. ജവാദിനെ സസ്പെൻഡ് ചെയ്തത്. എന്നാൽ സംഭവവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയോ മുഖ്യമന്ത്രിയുടെ ഓഫീസോ പരാതി നൽകിയിരുന്നില്ലെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. പുറത്ത് നിന്നുള്ള പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി സ്വീകരിച്ചത്.
വിരമിക്കാൻ രണ്ട് ദിവസം മാത്രം ശേഷിക്കെയാണ് അധ്യാപകനെതിരെ സസ്പെൻഷൻ നടപടി ഉണ്ടായത്. ഈ പ്രത്യേക സാഹചര്യം പരിഗണിച്ചാണ് നടപടി പിൻവലിക്കാൻ മുഖ്യമന്ത്രി നിർദേശം നൽകിയത്.
തുടർനടപടികൾ സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് ആവശ്യമായ ഉത്തരവ് പുറത്തിറക്കുമെന്നാണ് വിവരം.

