Home Keralaമഴ ശക്തമാകുന്നു; 8 ജില്ലകളിൽ യെല്ലോ അലർട്ട്, ജാഗ്രത നിർദേശം ശക്തമാക്കി

മഴ ശക്തമാകുന്നു; 8 ജില്ലകളിൽ യെല്ലോ അലർട്ട്, ജാഗ്രത നിർദേശം ശക്തമാക്കി

by news_desk1
0 comments

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷത്തിന് മുന്നോടിയായി മഴ ശക്തിപ്രാപിക്കുന്ന സാഹചര്യത്തിൽ എട്ട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് നിലവിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

മഴക്കെടുതികൾക്ക് സാധ്യത വർധിക്കുന്ന സാഹചര്യത്തിൽ എല്ലാ വകുപ്പുകളും അടിയന്തര മുൻകരുതൽ നടപടികൾ പൂർത്തിയാക്കണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു. ദുരന്തനിവാരണ സംവിധാനങ്ങൾ സജ്ജമാക്കാനും അപകടസാധ്യതയുള്ള മേഖലകളിൽ പ്രത്യേക ജാഗ്രത പാലിക്കാനും ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

കാലവർഷം ശക്തമാകുന്നതിന്റെ ഭാഗമായി കടലിൽ മത്സ്യബന്ധനത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതടക്കമുള്ള നടപടികളും സർക്കാർ പരിഗണിക്കുന്നുണ്ട്. ട്രോളിംഗ് നിരോധനവുമായി ബന്ധപ്പെട്ട ക്രമീകരണങ്ങൾ വേഗത്തിലാക്കാനും നിർദേശമുണ്ട്.

അടുത്ത ദിവസങ്ങളിലേക്കുള്ള കാലാവസ്ഥാ മുന്നറിയിപ്പ് പ്രകാരം വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് തുടരുകയാണ്.

മെയ് 31: കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ

ജൂൺ 1: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്

ജൂൺ 2: എറണാകുളം, ഇടുക്കി, കോഴിക്കോട്, കണ്ണൂർ, കാസർകോട്

ജൂൺ 3: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ

മലയോര മേഖലകളിലും നദീതീര പ്രദേശങ്ങളിലും താമസിക്കുന്നവർ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. ശക്തമായ മഴ, കാറ്റ്, വെള്ളക്കെട്ട് എന്നിവയ്ക്ക് സാധ്യതയുള്ളതിനാൽ അനാവശ്യ യാത്രകൾ ഒഴിവാക്കാനും മുന്നറിയിപ്പുകൾ കൃത്യമായി പാലിക്കാനും പൊതുജനങ്ങളോട് അഭ്യർഥിച്ചിട്ടുണ്ട്.

You may also like