തിരുവനന്തപുരം: സംസ്ഥാന ഭരണസംവിധാനത്തിൽ വൻതോതിലുള്ള ഉദ്യോഗസ്ഥ പുനഃക്രമീകരണവുമായി സർക്കാർ. നിരവധി മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥരുടെ വകുപ്പുകളിലും ചുമതലകളിലും മാറ്റം വരുത്തിയ ഉത്തരവാണ് പുറത്തിറക്കിയത്. മുൻപ് സസ്പെൻഷൻ നേരിട്ടിരുന്ന ഡോ. ബി. അശോകിനും എൻ. പ്രശാന്തിനും പുതിയ നിയമനങ്ങൾ നൽകിയത് ശ്രദ്ധേയമായി.
ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ പ്രിൻസിപ്പൽ സെക്രട്ടറിയായാണ് ഡോ. ബി. അശോകിനെ നിയമിച്ചിരിക്കുന്നത്. കായിക വകുപ്പിന്റെ സ്പെഷ്യൽ സെക്രട്ടറിയായി എൻ. പ്രശാന്തിനെ നിയമിച്ച സർക്കാർ, യുവജനക്ഷേമം, മ്യൂസിയം, മൃഗശാല, പുരാവസ്തു വകുപ്പുകളുടെ അധിക ചുമതലയും അദ്ദേഹത്തിന് നൽകി.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ മാനേജിങ് ഡയറക്ടർ സ്ഥാനത്തുനിന്ന് ദിവ്യ എസ്. അയ്യരെ മാറ്റി തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറായി നിയമിച്ചു. സാംസ്കാരിക വകുപ്പ് ഡയറക്ടർ സ്ഥാനത്തുനിന്നും ദിവ്യയെ ഒഴിവാക്കിയിട്ടുണ്ട്. ജെറോമിക് ജോർജാണ് പുതിയ വിഴിഞ്ഞം തുറമുഖ എംഡി.
മുഖ്യമന്ത്രിയുടെ സെക്രട്ടറിയായ രത്തൻ കേൽക്കറിന് തുറമുഖ വകുപ്പ് സെക്രട്ടറിയുടെ അധിക ചുമതല നൽകി. ശർമിള മേരി ജോസഫിനെ ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായും ആഭ്യന്തര സെക്രട്ടറി ബിശ്വനാഥ് സിൻഹയ്ക്ക് കയർ വകുപ്പിന്റെ അധിക ചുമതലയും നൽകി.
തദ്ദേശ വകുപ്പ് സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റിയ ടി.വി. അനുപമയെ ഗതാഗത വകുപ്പ് സെക്രട്ടറിയായി നിയമിച്ചു. വിമാനത്താവള വികസനവും മെട്രോ റെയിൽ പദ്ധതികളും ഉൾപ്പെടെയുള്ള അധിക ചുമതലകളും അനുപമയ്ക്ക് നൽകിയിട്ടുണ്ട്.
എം.ജി. രാജമാണിക്യത്തെ കെ.എസ്.ഇ.ബി ചെയർമാനും മാനേജിങ് ഡയറക്ടറുമായി നിയമിച്ചു. ദേവസ്വം വകുപ്പിന്റെ ചുമതല അദ്ദേഹം തുടർന്നും വഹിക്കും. എന്നാൽ റവന്യൂ, സിവിൽ സപ്ലൈസ് വകുപ്പുകളുടെ ചുമതലകളിൽ നിന്ന് അദ്ദേഹത്തെ ഒഴിവാക്കി. ജീവൻ ബാബു കെ.യെ റവന്യൂ സ്പെഷ്യൽ സെക്രട്ടറിയായും എസ്. സുഹാസിനെ ജലവിഭവ വകുപ്പ് സെക്രട്ടറിയായും നിയമിച്ചു.
അദീല അബ്ദുള്ള പൊതുമരാമത്ത് വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയായും ഷാനവാസ് എസ്. തദ്ദേശ വകുപ്പ് സെക്രട്ടറിയായും ഡി. സജിത്ത് ബാബു പൊതുവിദ്യാഭ്യാസ വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയായും നിയമിതരായി. കെ. ഗോപാലകൃഷ്ണനെ പരിസ്ഥിതി വകുപ്പ് ഡയറക്ടറായും ടി.വി. സുഭാഷിനെ കൃഷിവകുപ്പ് സ്പെഷ്യൽ സെക്രട്ടറിയായും ഡോ. രേണു രാജിനെ ആരോഗ്യ-കുടുംബക്ഷേമ വകുപ്പിന്റെ അഡീഷണൽ സെക്രട്ടറിയായും നിയമിച്ചു.
സ്നേഹിൽ കുമാർ സിംഗ് പൊതുവിദ്യാഭ്യാസ ഡയറക്ടറായും ശ്രീധന്യാ സുരേഷ് ഭക്ഷ്യസുരക്ഷാ കമ്മീഷണറായും ചുമതലയേൽക്കും. എസ്. പ്രേം കൃഷ്ണനെ സഹകരണ വകുപ്പ് രജിസ്ട്രാറായും ഹർഷിൽ ആർ. മീണയെ കെ.ടി.ഡി.സി മാനേജിങ് ഡയറക്ടറായും നിയമിച്ചു.
കൃഷിവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായി മിൻഹാജ് ആലത്തിനെ നിയമിച്ച സർക്കാർ, കായിക-യുവജനക്ഷേമ വകുപ്പുകളുടെ അഡീഷണൽ ചീഫ് സെക്രട്ടറിയുടെ അധിക ചുമതലയും അദ്ദേഹത്തിന് നൽകി. അബ്ദുൽ നാസർ ബി.യെ ഫിഷറീസ് വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയായും ആസിഫ് കെ. യൂസഫിനെ നോർക്ക ഡയറക്ടറായും നിയമിച്ചു. നോർക്ക സിഇഒയുടെ അധിക ചുമതലയും അദ്ദേഹം വഹിക്കും.
വനിതാ-ശിശു വികസന വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയായി ഷീബ ജോർജിനെ നിയമിച്ചു. തൊഴിൽ, ക്ഷീര വികസന വകുപ്പുകളുടെ അധിക ചുമതലയും അവർക്ക് നൽകിയിട്ടുണ്ട്. എച്ച്. ദിനേശനെ ലാൻഡ് റവന്യൂ കമ്മീഷണറായും വി. വിഘ്നേശ്വരിയെ വനിതാ-ശിശു വികസന വകുപ്പ് ഡയറക്ടറായും നിയമിച്ചു. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടറുടെ അധിക ചുമതലയും വി. വിഘ്നേശ്വരിക്ക് നൽകിയിട്ടുണ്ട്.
ഭരണനിർവഹണം കൂടുതൽ കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് വ്യാപകമായ ഈ ഉദ്യോഗസ്ഥ പുനഃക്രമീകരണമെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നു.

