Home Keralaഅതിഥി തൊഴിലാളികളെന്ന വ്യാജേന താമസം; കൊല്ലത്ത് 12 ബംഗ്ലാദേശ് പൗരന്മാര്‍ പിടിയില്‍

അതിഥി തൊഴിലാളികളെന്ന വ്യാജേന താമസം; കൊല്ലത്ത് 12 ബംഗ്ലാദേശ് പൗരന്മാര്‍ പിടിയില്‍

by news_desk1
0 comments

കൊല്ലം: അതിഥി തൊഴിലാളികളാണെന്ന് വ്യാജമായി പരിചയപ്പെടുത്തി അനധികൃതമായി താമസിച്ചിരുന്ന 12 ബംഗ്ലാദേശ് പൗരന്മാരെ കൊല്ലം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് പൊലീസ് പിടികൂടി. കൊട്ടാരക്കരയില്‍ മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ പത്ത് പേരെയും നീണ്ടകരയില്‍നിന്ന് ദമ്പതികളെയുമാണ് അറസ്റ്റ് ചെയ്തത്. വിദേശികളുടെ നിയമം (ഫോറിനേഴ്‌സ് ആക്ട്) പ്രകാരം കേസെടുത്ത പൊലീസ് പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

നീണ്ടകരയില്‍ വാടകവീട്ടില്‍ താമസിച്ചുവരികയായിരുന്ന ബംഗ്ലാദേശ് ധാക്ക ബഗര്‍ഹട്ട് സ്വദേശികളായ മെലന്‍ ഖാന്‍ (47), ഭാര്യ മുഗള്‍ ഖണ്ഡാല്‍ (42) എന്നിവരാണ് പിടിയിലായത്. പാസ്‌പോര്‍ട്ട്, വിസ ഉള്‍പ്പെടെയുള്ള നിയമാനുസൃത യാത്രാരേഖകളോ ഇന്ത്യയില്‍ താമസിക്കാനുള്ള അനുമതിയോ ഇല്ലാതെയാണ് ഇവര്‍ രാജ്യത്ത് പ്രവേശിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.

പ്രാഥമിക അന്വേഷണത്തില്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ മാറിമാറി താമസിച്ച ശേഷം ഏകദേശം പത്ത് വര്‍ഷം മുമ്പാണ് ഇവര്‍ കേരളത്തിലെത്തിയതെന്ന് കണ്ടെത്തി. ആദ്യം ചാലക്കുടിയില്‍ ഏഴ് വര്‍ഷത്തോളം താമസിച്ച ഇവര്‍ പിന്നീട് കരുനാഗപ്പള്ളിയിലേക്ക് മാറുകയും ഒന്നര മാസം മുമ്പ് നീണ്ടകരയില്‍ എത്തി താമസം ആരംഭിക്കുകയും ചെയ്തിരുന്നു.

പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള പാഴ്‌വസ്തുക്കള്‍ ശേഖരിച്ച് ആക്രിക്കടകളില്‍ വിറ്റായിരുന്നു ഇവരുടെ ഉപജീവനം. സ്വന്തം പൗരത്വ വിവരം മറച്ചുവെച്ച് അതിഥി തൊഴിലാളികളാണെന്ന് പറഞ്ഞാണ് വാടകയ്ക്ക് വീട് എടുത്തതെന്ന് അന്വേഷണത്തില്‍ വ്യക്തമായി.

അതേസമയം, കൊട്ടാരക്കര കരിക്കത്ത് പ്രവര്‍ത്തിക്കുന്ന ആക്രിക്കടയ്ക്ക് സമീപത്ത് നിന്നാണ് മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ പത്ത് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പരിശോധനയ്ക്കിടെ വ്യാജ തിരിച്ചറിയല്‍ രേഖകളും മറ്റ് രേഖകളും കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.

ജില്ലയില്‍ അനധികൃത താമസക്കാരെ കണ്ടെത്തുന്നതിനായി ശക്തമായ പരിശോധന തുടരുകയാണെന്നും കൂടുതല്‍ ആളുകള്‍ ഇതേ രീതിയില്‍ താമസിക്കുന്നുണ്ടോയെന്ന് അന്വേഷിച്ചുവരികയാണെന്നും പൊലീസ് അറിയിച്ചു. ബംഗ്ലാദേശ് പൗരന്മാരുടെ രാജ്യപ്രവേശനവും താമസവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ കേന്ദ്ര ഏജന്‍സികളുടെ സഹായത്തോടെ പരിശോധിച്ചുവരികയാണ്.

You may also like