Home Sports48 ടീമുകളുടെ ലോകകപ്പ്; റെക്കോർഡ് സമ്മാനത്തുകയുമായി ഫിഫ, ജേതാക്കൾക്ക് 417 കോടി രൂപ

48 ടീമുകളുടെ ലോകകപ്പ്; റെക്കോർഡ് സമ്മാനത്തുകയുമായി ഫിഫ, ജേതാക്കൾക്ക് 417 കോടി രൂപ

by news_desk1
0 comments

സൂറിച്ച്: ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വലിയ ലോകകപ്പിന് മുന്നോടിയായി റെക്കോർഡ് സമ്മാനത്തുക പ്രഖ്യാപിച്ച് ഫിഫ. 48 ടീമുകൾ പങ്കെടുക്കുന്ന ഇത്തവണത്തെ ലോകകപ്പിൽ ആകെ 6,238.42 കോടി രൂപയാണ് സമ്മാനമായി വിതരണം ചെയ്യുക. ലോകകപ്പ് ഒരുക്കങ്ങൾക്കും മറ്റ് ചെലവുകൾക്കുമായി നൽകുന്ന തുക കൂടി ഉൾപ്പെടുത്തുമ്പോൾ മൊത്തം ചെലവ് 7,400 കോടി രൂപ കവിയും.

ലോകകപ്പ് കിരീടം നേടുന്ന ടീമിന് ഏകദേശം 417.50 കോടി രൂപയാണ് സമ്മാനമായി ലഭിക്കുക. കഴിഞ്ഞ ലോകകപ്പിൽ ജേതാക്കളായ അർജന്റീനയ്ക്ക് ലഭിച്ചതിനെക്കാൾ ഏകദേശം 76 കോടി രൂപ അധികമാണിത്. റണ്ണറപ്പാകുന്ന ടീമിന് 288 കോടി രൂപയും മൂന്നാം സ്ഥാനക്കാർക്ക് 254.67 കോടി രൂപയും നാലാം സ്ഥാനക്കാർക്ക് 237 കോടി രൂപയും ലഭിക്കും.

ക്വാർട്ടർ ഫൈനൽ, പ്രീക്വാർട്ടർ ഫൈനൽ ഘട്ടങ്ങളിലെത്തുന്ന ടീമുകൾക്കും വൻതുകയാണ് ഫിഫ അനുവദിച്ചിരിക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്താകുന്ന ടീമുകൾക്കും കുറഞ്ഞത് 87.5 കോടി രൂപ ലഭിക്കും. ലോകകപ്പിനായുള്ള തയ്യാറെടുപ്പുകൾക്കായി അനുവദിക്കുന്ന പ്രത്യേക ധനസഹായം ഇതിന് പുറമെയാണ്.

കാനഡ, അമേരിക്ക, മെക്സിക്കോ എന്നീ രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ലോകകപ്പിൽ ആകെ 104 മത്സരങ്ങളാണ് നടക്കുക. ടീമുകളുടെ എണ്ണവും മത്സരങ്ങളുടെ എണ്ണവും വർധിച്ചതും സ്പോൺസർഷിപ്പ് വരുമാനം ഉയർന്നതുമാണ് സമ്മാനത്തുകയിൽ വലിയ വർധനവിന് കാരണമായത്.

എന്നാൽ ഫിഫ നൽകുന്ന ഈ തുക നേരിട്ട് കളിക്കാർക്ക് ലഭിക്കില്ല. ഓരോ രാജ്യത്തെയും ദേശീയ ഫുട്ബോൾ അസോസിയേഷനുകൾക്കാണ് സമ്മാനത്തുക കൈമാറുക. പിന്നീട് കളിക്കാർക്കുള്ള ബോണസ്, പരിശീലക സംഘത്തിന്റെ പ്രതിഫലം, യാത്രാ ചെലവുകൾ, ഫുട്ബോൾ വികസന പദ്ധതികൾ തുടങ്ങിയ ആവശ്യങ്ങൾക്കായി അസോസിയേഷനുകൾ ഈ തുക വിനിയോഗിക്കും.

ലോകകപ്പിന്റെ വ്യാപ്തിയും സാമ്പത്തിക മൂല്യവും ഒരുപോലെ ഉയർന്നിരിക്കുന്ന ഈ പതിപ്പ് ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും സമ്പന്നമായ ടൂർണമെന്റായി മാറുമെന്നാണ് വിലയിരുത്തൽ.

You may also like