Home Keralaഷിഗെല്ല ബാധ: സ്കൂൾ കിണറിലെ വെള്ളം ഉപയോഗയോഗ്യമല്ല; രോഗലക്ഷണങ്ങളുള്ളവരുടെ എണ്ണം 502 ആയി

ഷിഗെല്ല ബാധ: സ്കൂൾ കിണറിലെ വെള്ളം ഉപയോഗയോഗ്യമല്ല; രോഗലക്ഷണങ്ങളുള്ളവരുടെ എണ്ണം 502 ആയി

by news_desk1
0 comments

സുൽത്താൻ ബത്തേരി: ഷിഗെല്ല രോഗബാധ റിപ്പോർട്ട് ചെയ്ത കോളിയാടി മാർ ബസേലിയോസ് എ.യു.പി. സ്കൂളിലെ കിണറിലെ വെള്ളം ഉപയോഗയോഗ്യമല്ലെന്ന് ജലപരിശോധനാ ഫലത്തിൽ വ്യക്തമായതായി ആരോഗ്യ വകുപ്പ് അറിയിച്ചു. കിണറിലെ വെള്ളത്തിൽ വിവിധ തരത്തിലുള്ള ബാക്ടീരിയകളുടെ സാന്നിധ്യം കണ്ടെത്തിയതായും അതിനാൽ വെള്ളം ഉപയോഗിക്കാൻ പാടില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

സ്കൂളിലെ എട്ട് വിദ്യാർഥികൾക്കാണ് ഇതുവരെ ഷിഗെല്ല രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം മൂന്ന് വിദ്യാർഥികൾക്കും ഇന്ന് അഞ്ച് വിദ്യാർഥികൾക്കും രോഗബാധ സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങളുമായി ആകെ 502 വിദ്യാർഥികളെ കണ്ടെത്തിയിട്ടുണ്ടെന്നും 44 പേർ നിലവിൽ ചികിത്സയിലാണെന്നും അധികൃതർ അറിയിച്ചു.

സ്കൂളിലെ വിദ്യാർഥികളുമായി സമ്പർക്കത്തിലുണ്ടായിരുന്ന 27 പേർക്ക് കൂടി രോഗലക്ഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. നേരത്തെ പരിശോധനയ്ക്കായി അയച്ച മറ്റ് സാമ്പിളുകളുടെ ഫലവും ഉടൻ ലഭിക്കുമെന്നാണ് പ്രതീക്ഷ.

രോഗവ്യാപനം നിയന്ത്രിക്കുന്നതിനായി വിവിധ പ്രദേശങ്ങളിലെ 969 കിണറുകളിൽ ക്ലോറിനേഷൻ നടത്തിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു. കൂടാതെ, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കുടിവെള്ള സ്രോതസുകളുടെ പരിശോധന വീണ്ടും വ്യാപകമായി നടത്താനും തീരുമാനമായിട്ടുണ്ട്.

അതേസമയം, രോഗബാധ രണ്ടാംഘട്ട വ്യാപനത്തിലേക്ക് കടന്നിട്ടുണ്ടോ എന്ന ആശങ്ക ആരോഗ്യ രംഗത്ത് ഉയരുന്നുണ്ട്. ആദ്യം വിദ്യാർഥികളിലും അധ്യാപകരിലുമായിരുന്നു രോഗലക്ഷണങ്ങൾ കണ്ടെത്തിയിരുന്നത്. പിന്നീട് ചില വിദ്യാർഥികളുടെ കുടുംബാംഗങ്ങൾക്കും രോഗലക്ഷണങ്ങൾ പ്രകടമായതോടെയാണ് ആശങ്ക ശക്തമായത്. നിലവിലെ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ആവശ്യമായ പ്രതിരോധ നടപടികൾ തുടരുകയാണെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.

You may also like