തിരുവനന്തപുരം: ഡ്രൈവിങ് ടെസ്റ്റുമായി ബന്ധപ്പെട്ട മുൻ ഗതാഗത മന്ത്രി കെ. ബി. ഗണേഷ് കുമാർ നടപ്പാക്കിയ തീരുമാനങ്ങളിൽ മാറ്റം വരുത്തി മോട്ടോർ വാഹന വകുപ്പ് പുതിയ സർക്കുലർ പുറത്തിറക്കി. ഡ്രൈവിങ് ടെസ്റ്റുകൾ വൈകുന്നതായുള്ള വ്യാപക പരാതിയെ തുടർന്നാണ് പുതിയ തീരുമാനങ്ങൾ.
അടുത്ത മൂന്ന് മാസത്തേക്ക് ആഴ്ചയിൽ അഞ്ച് പ്രവൃത്തി ദിവസങ്ങളിലും ഡ്രൈവിങ് ടെസ്റ്റുകൾ നടത്തും. ഡ്രൈവിങ് ടെസ്റ്റ് സ്ലോട്ടുകളുടെ എണ്ണം 50 ആയും വർധിപ്പിച്ചു. ടെസ്റ്റുകളുടെ നടത്തിപ്പ് നിരീക്ഷിക്കുന്നതിനായി ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
സ്ലോട്ട് വിഭജനം
- പുതിയ ഡ്രൈവിങ് ടെസ്റ്റ് – 28
- റീ-ടെസ്റ്റ് – 20
- വിദേശം/പഠന ആവശ്യങ്ങൾ – 2
പുതിയ മാറ്റങ്ങൾ
- ബുക്കിംഗ് തീയതി മുതൽ 30 ദിവസത്തിനുള്ളിൽ പുതിയ ഡ്രൈവിങ് ലൈസൻസ് ടെസ്റ്റ് സ്ലോട്ടുകൾ ലഭ്യമാക്കും.
- റീ-ടെസ്റ്റ് ഡ്രൈവിങ് ലൈസൻസ് സ്ലോട്ടുകൾ എട്ട് ദിവസത്തിനുള്ളിൽ ലഭ്യമാക്കും.
- ലേണേഴ്സ് ലൈസൻസ് ടെസ്റ്റ് സ്ലോട്ടുകൾ മൂന്ന് ദിവസത്തിനുള്ളിൽ ലഭ്യമാക്കും.
മുൻ ഗതാഗത മന്ത്രി കെ. ബി. ഗണേഷ് കുമാറിന്റെ കാലത്ത് ഡ്രൈവിങ് ടെസ്റ്റുകളിൽ സമഗ്രമായ പരിഷ്കാരങ്ങളാണ് നടപ്പാക്കിയത്. 18 വർഷം വരെ പഴക്കമുള്ള വാഹനങ്ങൾ മാത്രമേ ടെസ്റ്റിന് ഉപയോഗിക്കാവൂ, ടെസ്റ്റ് വാഹനങ്ങളിൽ ക്യാമറ നിർബന്ധമാക്കും തുടങ്ങിയ നിർദേശങ്ങളായിരുന്നു അന്ന് പുറപ്പെടുവിച്ചത്.
ഈ തീരുമാനങ്ങൾക്കെതിരെ ഡ്രൈവിങ് സ്കൂൾ ഉടമകൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. തുടർന്ന് ഡ്രൈവിങ് സ്കൂൾ വാഹനങ്ങളുടെ പരമാവധി പഴക്കപരിധി 18 വർഷത്തിൽ നിന്ന് 22 വർഷമാക്കി ഉയർത്തി. ഡ്രൈവിങ് ഇൻസ്ട്രക്ടർ ഗ്രൗണ്ടിൽ നേരിട്ട് ഹാജരാകണമെന്ന വ്യവസ്ഥയിലും ഇളവ് അനുവദിച്ചു. ടെസ്റ്റുകളുടെ എണ്ണം കുറച്ചതിനെതിരെയും അന്നേ പ്രതിഷേധം ഉയർന്നിരുന്നു.
