തിരുവനന്തപുരം: എസ്എൻ ട്രസ്റ്റിന്റെ കോളേജ് അധ്യാപക നിയമനവുമായി ബന്ധപ്പെട്ട വിഷയത്തിൽ സർക്കാർ നിലപാട് ഒരാഴ്ചയ്ക്കുള്ളിൽ മാറ്റിയതായി രേഖകൾ. മൈക്രോഫിനാൻസ് വായ്പാ തട്ടിപ്പ്, കെ.കെ. മഹേശന്റെ ആത്മഹത്യാ കേസ് എന്നിവയ്ക്ക് പിന്നാലെ അധ്യാപക നിയമന വിഷയത്തിലും വെള്ളാപ്പള്ളി നടേശനോട് സർക്കാർ മൃദുസമീപനം സ്വീകരിച്ചെന്ന വിമർശനം ഉയരുകയാണ്.
കോഴ വാങ്ങി നിലവിലില്ലാത്ത ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതായി പരാതി ഉയർന്ന സാഹചര്യത്തിൽ നടപടി സ്വീകരിക്കാൻ സർക്കാർ ആദ്യം തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി അധ്യാപക നിയമനത്തിനുള്ള ഇന്റർവ്യൂ ബോർഡിലേക്ക് സർക്കാർ നോമിനിയെ അനുവദിക്കേണ്ടതില്ലെന്നായിരുന്നു ആദ്യ ഉത്തരവ്.
എന്നാൽ, രണ്ടാഴ്ചയ്ക്കുള്ളിൽ സർക്കാർ ഉത്തരവ് തിരുത്തി. തുടർന്ന് അധ്യാപക നിയമനത്തിനുള്ള ഇന്റർവ്യൂ ബോർഡിലേക്ക് സർക്കാർ നോമിനിയെ നൽകാമെന്ന പുതിയ ഉത്തരവ് പുറത്തിറക്കി. രണ്ട് ഉത്തരവുകളുടെയും പകർപ്പുകൾ പുറത്തുവന്നതോടെ സർക്കാരിന്റെ നിലപാട് വിവാദമായി.
ഇതുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെ വിമർശനം ശക്തമാകുകയാണ്.
അതേസമയം, എസ്എൻഡിപി യോഗം കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറിയും മൈക്രോഫിനാൻസ് കോ-ഓർഡിനേറ്ററുമായിരുന്ന കെ.കെ. മഹേശന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ തുടക്കം മുതൽ പൊലീസ് ഗുരുതര വീഴ്ച വരുത്തിയെന്നാണ് കണ്ടെത്തൽ. കേസിലെ പ്രതികളായ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉൾപ്പെടെയുള്ളവരിലേക്ക് അന്വേഷണം കാര്യക്ഷമമായി എത്തിയില്ലെന്നാണ് റിപ്പോർട്ട്.
പ്രതികളുടെ വീടുകളിലോ വ്യാപാര സ്ഥാപനങ്ങളിലോ പരിശോധന നടത്താതെ, മരിച്ച കെ.കെ. മഹേശന്റെ വീടും ബാങ്കും വ്യാപാര സ്ഥാപനങ്ങളും കേന്ദ്രീകരിച്ചായിരുന്നു പൊലീസ് പരിശോധന നടത്തിയതെന്നും കണ്ടെത്തിയിട്ടുണ്ട്. ഈ കേസിലും വെള്ളാപ്പള്ളി നടേശനോട് സർക്കാർ അനുകൂല നിലപാടാണ് സ്വീകരിച്ചതെന്ന വിമർശനവും ഉയരുന്നുണ്ട്.
