തിരുവനന്തപുരം: പി എം ശ്രീ പദ്ധതിയിൽ തുടരാൻ കേരളം തീരുമാനിച്ചു. കരാർ വ്യവസ്ഥകളിൽ ഇളവ് തേടുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഉപസമിതി റിപ്പോർട്ട് ലഭിച്ചതിന് ശേഷമായിരിക്കും തുടർനടപടികൾ സ്വീകരിക്കുക.
പി എം ശ്രീ പദ്ധതിയിൽ തുടരാൻ സർക്കാർ നിർബന്ധിതരായ സാഹചര്യമാണുള്ളതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇടത് സർക്കാർ നേരത്തെ പദ്ധതിയുമായി ബന്ധപ്പെട്ട കരാറിൽ ഒപ്പുവെച്ചിരുന്നുവെന്നും നിലവിലെ നിലപാട് നിശ്ചയിക്കുന്നതിനായാണ് മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചതെന്നും അദ്ദേഹം പറഞ്ഞു.
പദ്ധതിയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ബിജെപി ഇതര സംസ്ഥാനങ്ങളുമായി ചേർന്ന് മുന്നോട്ട് പോകുമെന്നും സംസ്ഥാനത്തിന്റെ അവകാശങ്ങളെ ഹനിക്കാത്ത രീതിയിൽ പദ്ധതി നടപ്പാക്കാൻ ശ്രമിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കരിക്കുലത്തിൽ സംസ്ഥാനത്തിന് പൂർണ സ്വാതന്ത്ര്യം ഉറപ്പാക്കിയാണ് മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, സർക്കാരിന്റെ ആദ്യ നൂറ് ദിന കർമ്മ പദ്ധതി ജൂലൈ 1 മുതൽ നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.

