Home Top Storiesസംസ്ഥാനത്ത് മഴക്കെടുതി അതിരൂക്ഷം; ഇടുക്കിയിലും കോട്ടയത്തും ഉരുൾപൊട്ടൽ, രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

സംസ്ഥാനത്ത് മഴക്കെടുതി അതിരൂക്ഷം; ഇടുക്കിയിലും കോട്ടയത്തും ഉരുൾപൊട്ടൽ, രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

by news_desk1
0 comments

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നതിനിടെ വിവിധ ജില്ലകളിൽ മഴക്കെടുതി രൂക്ഷമായി. ഇടുക്കിയിലും കോട്ടയത്തും ഉരുൾപൊട്ടലും മണ്ണിടിച്ചിലും റിപ്പോർട്ട് ചെയ്തു. ഇടുക്കി, കോട്ടയം, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഇടുക്കി കുടയത്തൂർ അടൂർമലയിലാണ് ഉരുൾപൊട്ടിയത്. അടൂർമല സ്വദേശി രവിയുടെ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് വീട് പൂർണമായും തകർന്നു. വീട്ടിലുണ്ടായിരുന്ന ഭാര്യ സുമതി അകപ്പെട്ടതായി വിവരം. ഏലപ്പാറ ചെമ്മണ്ണ് ഭാഗത്തും വീടിന് മുകളിൽ മണ്ണിടിഞ്ഞ് ഒരാൾ കുടുങ്ങിയതായി സംശയിക്കുന്നുണ്ട്. സ്ഥലങ്ങളിൽ അഗ്നിരക്ഷാസേനയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്.

പത്തനംതിട്ട തൂമ്പാക്കുളത്തും ഉരുൾപൊട്ടൽ റിപ്പോർട്ട് ചെയ്തു. തേക്കുതോട് കൊച്ചുപാലം വെള്ളത്തിനടിയിലായതോടെ ഗതാഗതം തടസ്സപ്പെട്ടു. പമ്പയിലും കക്കട്ടാറിലും ജലനിരപ്പ് ഉയർന്നിട്ടുണ്ട്. തണ്ണിത്തോട് ഭാഗത്തും നദികളിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്ന സാഹചര്യമാണ്.

കോട്ടയത്തിന്റെ കിഴക്കൻ മേഖലയിൽ കനത്ത മഴയെ തുടർന്ന് മുണ്ടക്കയം കോസ്‌വേ വെള്ളത്തിനടിയിലായി. കൂട്ടിക്കൽ, കാഞ്ഞിരപ്പള്ളി, പാറത്തോട്, എരുമേലി, ഈരാറ്റുപേട്ട, നടക്കൽ, മുരിക്കോരി തുടങ്ങിയ പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമായി. ഈരാറ്റുപേട്ട–വാഗമൺ റോഡിൽ പലയിടങ്ങളിലും മണ്ണിടിച്ചിലുണ്ടായതിനെ തുടർന്ന് ഗതാഗതം പൂർണമായും നിലച്ചു.

കോട്ടയം കൂട്ടിക്കൽ പഞ്ചായത്തിലെ കൊടുങ്ങ, വഴിക്കടവ് പ്രദേശങ്ങളിലും ഉരുൾപൊട്ടൽ റിപ്പോർട്ട് ചെയ്തു. അപകടസാധ്യത കണക്കിലെടുത്ത് പ്രദേശവാസികളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. കൊടുങ്ങ കെ.ആർ. നാരായണൻ സ്മാരക സ്കൂളിൽ ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചിട്ടുണ്ട്.

ഇടുക്കി ഏലപ്പാറയിൽ വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് നിരവധി കുടുംബങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. ഉപ്പുതറ മത്തായിപ്പാറയിൽ പോലിസ് ജീപ്പിന് മുകളിൽ മണ്ണിടിഞ്ഞുവീണെങ്കിലും പോലിസുകാർ വാഹനം നിർത്തി ഇറങ്ങിയതിനാൽ അപകടം ഒഴിവായി.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ ശക്തമായി തുടരുന്നതിനാൽ ജാഗ്രത പാലിക്കണമെന്നും അപകടസാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർ അധികൃതരുടെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും ദുരന്തനിവാരണ വിഭാഗം അറിയിച്ചു.

 

 

You may also like