തിരുവനന്തപുരം: സംസ്ഥാനത്ത് രൂക്ഷമായ മഴക്കെടുതി തുടരുന്ന സാഹചര്യത്തിൽ രക്ഷാപ്രവർത്തനങ്ങളിലും ദുരിതാശ്വാസ പ്രവർത്തനങ്ങളിലും സജീവമായി പങ്കെടുക്കാൻ പാർട്ടി പ്രവർത്തകരോട് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ആഹ്വാനം ചെയ്തു.
അധികൃതർ നൽകുന്ന മുന്നറിയിപ്പുകളും നിർദേശങ്ങളും കർശനമായി പാലിച്ച് പൊതുജനങ്ങൾ സുരക്ഷിതരായി തുടരണമെന്നും സെക്രട്ടറിയേറ്റ് അഭ്യർഥിച്ചു. സംസ്ഥാനത്തെ വിവിധ പ്രദേശങ്ങൾ വെള്ളപ്പൊക്കത്തിന്റെയും ഉരുൾപൊട്ടലിന്റെയും ഭീഷണി നേരിടുന്ന സാഹചര്യത്തിൽ ദുരിതബാധിത മേഖലകളിൽ സിപിഎം പ്രവർത്തകർ സജീവമായി ഇടപെടുന്നുണ്ടെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.
ദുരിതബാധിതർക്ക് ഭക്ഷണം, കുടിവെള്ളം, മറ്റ് അവശ്യസാധനങ്ങൾ എന്നിവ ഉറപ്പാക്കാൻ പ്രത്യേക ശ്രദ്ധ പുലർത്തണമെന്നും ആരും ഒറ്റപ്പെട്ട് പോവുകയോ ദുരിതമേഖലയിൽ കുടുങ്ങിക്കിടക്കുകയോ ചെയ്യാതിരിക്കാൻ ജാഗ്രത പാലിക്കണമെന്നും നിർദേശിച്ചു.
അപകടഭീഷണി നിലനിൽക്കുന്ന പ്രദേശങ്ങളിലെ എല്ലാവരെയും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചതായി ഉറപ്പാക്കാൻ പാർട്ടി പ്രവർത്തകർ ശ്രദ്ധിക്കണമെന്നും മഴ ശമിച്ച ശേഷം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്ന് ശുചീകരണ പ്രവർത്തനങ്ങളിലും സജീവമായി പങ്കെടുക്കണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.
മഴക്കെടുതിക്കിടെ രക്ഷാപ്രവർത്തനങ്ങളിലും ദുരിതാശ്വാസ പ്രവർത്തനങ്ങളിലും പങ്കാളികളായ എല്ലാവർക്കും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അഭിനന്ദനവും നന്ദിയും അറിയിച്ചു.

