പാലക്കാട്: ആലത്തൂർ തെന്നിലാപുരത്ത് അഴയിൽ നിന്ന് ഷോക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. തെന്നിലാപുരം സ്വദേശി ശാരദ (62)യാണ് മരിച്ചത്. സംഭവത്തിൽ രാധിക, രേഷ്മ എന്നിവർക്ക് ഷോക്കേറ്റ് പരിക്കേറ്റിരുന്നു.
കഴിഞ്ഞ 24-നാണ് അപകടമുണ്ടായത്. തുണി കഴുകിയ ശേഷം അഴയിൽ വിരിക്കുന്നതിനിടെയാണ് ശാരദയ്ക്ക് ഷോക്കേറ്റത്. വീടിന്റെ ഇരുമ്പ് കഴുക്കോലിൽ നിന്ന് കെട്ടിവലിച്ച ഇരുമ്പ് കമ്പി ഉപയോഗിച്ചായിരുന്നു അഴ നിർമ്മിച്ചിരുന്നത്.
വീടിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ സമീപത്തെ താൽക്കാലിക ഷെഡിൽ നിന്ന് ഇലക്ട്രിക് വയർ ഉപയോഗിച്ച് വൈദ്യുതി കണക്ഷൻ എടുത്തിരുന്നു. ഇതുവഴിയാണ് ഇരുമ്പ് കഴുക്കോലിലൂടെ വൈദ്യുതി പ്രവഹിച്ചതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.
ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് ശാരദ മരിച്ചത്.

