ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് തിരഞ്ഞെടുക്കപ്പെട്ടത് ചരിത്രപരമായ വിജയവും വിപ്ലവവുമാണെന്ന് മകൻ ജേസൺ സഞ്ജയ്. അച്ഛന്റെ വിജയം തനിക്കും സഹോദരിക്കുമൊപ്പം കുടുംബത്തിനാകെ വലിയ ഉത്തരവാദിത്തവും പാരമ്പര്യവും സമ്മാനിച്ചുവെന്നും അത് സംരക്ഷിച്ച് മുന്നോട്ടുകൊണ്ടുപോകേണ്ടത് തങ്ങളുടെ കടമയാണെന്നും അദ്ദേഹം പറഞ്ഞു.
സംവിധായകനായി സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്ന ജേസൺ സഞ്ജയ്, തന്റെ ആദ്യ ചിത്രമായ **’സിഗ്മ’**യുടെ പശ്ചാത്തലത്തിൽ നൽകിയ അഭിമുഖത്തിലാണ് അച്ഛനെക്കുറിച്ചും അദ്ദേഹത്തിന്റെ ഉപദേശത്തെക്കുറിച്ചും മനസുതുറന്നത്.
“ഇപ്പോൾ സംഭവിച്ചിരിക്കുന്നത് ചരിത്രപരമായ ഒരു വിപ്ലവമാണ്. എനിക്കും സഹോദരിക്കുമൊപ്പം കുടുംബത്തിലെ എല്ലാവർക്കും ഇത് വലിയ ഉത്തരവാദിത്തമാണ്. ആ ലെഗസി സംരക്ഷിക്കുകയും മുന്നോട്ട് കൊണ്ടുപോകുകയും വേണം. അതിനാൽ കൂടുതൽ കരുതലോടെയും ജാഗ്രതയോടെയും മുന്നോട്ട് പോകേണ്ട സാഹചര്യമാണിത്,” ജേസൺ പറഞ്ഞു.
അച്ഛൻ നൽകിയ ഏറ്റവും പ്രധാനപ്പെട്ട ഉപദേശം സ്വന്തം വ്യക്തിത്വം രൂപപ്പെടുത്തണമെന്നതായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. “സ്വന്തമായി ഒരു ഐഡന്റിറ്റി ഉണ്ടാക്കണം, സ്വയം വളരണം എന്നായിരുന്നു അപ്പ പറഞ്ഞത്. അതുതന്നെയായിരുന്നു എന്റെ ആഗ്രഹവും. ഞങ്ങൾ രണ്ടുപേരും ഒരേ വേവ് ലെങ്തിലാണ്. അതുകൊണ്ട് പരസ്പരം നന്നായി മനസ്സിലാക്കാൻ കഴിയാറുണ്ട്,” ജേസൺ പറഞ്ഞു.
“എന്ത് സഹായം വേണമെങ്കിലും ചോദിക്കാം, പക്ഷേ നീയായിട്ട് വന്ന് ചോദിക്കണം. ഞാൻ സ്വയം വന്ന് ചെയ്തു തരില്ലെന്നാണ് അപ്പ പറഞ്ഞത്. ജീവിതാനുഭവങ്ങളിലൂടെ ഞാൻ സ്വയം പഠിക്കണമെന്നാണ് അദ്ദേഹം ആഗ്രഹിച്ചത്. ആ കാര്യത്തിൽ അപ്പയോടും അമ്മയോടും കുടുംബത്തോടും ഞാൻ എപ്പോഴും കടപ്പെട്ടിരിക്കുന്നു,” എന്നും ജേസൺ സഞ്ജയ് കൂട്ടിച്ചേർത്തു.

