തിരുവനന്തപുരം: പി എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട വിവാദത്തിൽ നിയമസഭയിൽ വിശദീകരണവുമായി വിദ്യാഭ്യാസമന്ത്രി എൻ. ഷംസുദ്ദീൻ. എൽഡിഎഫ് സർക്കാർ പി എം ശ്രീ കരാറിൽ ഒപ്പുവെച്ചപ്പോൾ ലഭിച്ചത് പി എം ശ്രീ പദ്ധതിയുടെ ഫണ്ടല്ലെന്നും, എസ്‌എസ്‌കെ (SSK) ഫണ്ടാണെന്നും മന്ത്രി സഭയിൽ വ്യക്തമാക്കി.
99 കോടി രൂപ ലഭിച്ചത് എസ്‌എസ്‌കെ ഫണ്ടായിരുന്നുവെന്നും, കേരളത്തിന് അർഹതപ്പെട്ട 1,151 കോടി രൂപ കേന്ദ്രസർക്കാർ തടഞ്ഞുവെച്ചിരിക്കുകയാണെന്നും മന്ത്രി ആരോപിച്ചു.
പദ്ധതിയിൽ നിന്ന് പിന്മാറാനുള്ള അവകാശം സംസ്ഥാനത്തിനില്ലെന്നും, അതിനുള്ള അധികാരം കേന്ദ്രസർക്കാരിനാണെന്നും മന്ത്രി പറഞ്ഞു. പദ്ധതിയിൽ 40 ശതമാനം ഫണ്ട് കേരളവും 60 ശതമാനം കേന്ദ്രവുമാണ് നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
കരാറിൽ ഒപ്പിടുന്ന സമയത്ത് കാര്യമായ ചർച്ചകൾ നടന്നതായി രേഖകളിൽ കാണുന്നില്ലെന്നും, ഉദ്യോഗസ്ഥതലത്തിൽ ചർച്ച നടത്തി മുന്നോട്ടുപോകാമെന്നായിരുന്നു സർക്കാരിന് ലഭിച്ച ഉപദേശമെന്നും മന്ത്രി സഭയിൽ അറിയിച്ചു.
“സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ എന്ത് പഠിപ്പിക്കണമെന്ന് തീരുമാനിക്കാനുള്ള അധികാരം സംസ്ഥാനത്തിനാണ്. ആ ദിശയിൽ വിദ്യാഭ്യാസ വകുപ്പ് പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകും. കഴിഞ്ഞ സർക്കാർ കരാറിൽ ഒപ്പിടാൻ നിർബന്ധിതരായത് തടഞ്ഞുവെച്ച ഫണ്ട് ലഭിക്കുമെന്ന പ്രതീക്ഷയിലൂടെയായിരുന്നു,” മന്ത്രി പറഞ്ഞു.
അതേസമയം, എസ്‌എസ്‌എൽസി വിജയിക്കുന്ന എല്ലാ വിദ്യാർഥികൾക്കും സർക്കാർ, എയ്ഡഡ് മേഖലകളിൽ പ്ലസ് വൺ സീറ്റുകൾ നിലവിൽ ലഭ്യമല്ലെന്നും മന്ത്രി അറിയിച്ചു.
മലബാർ മേഖലയിലെ സീറ്റ് ക്ഷാമം പരിഹരിക്കാൻ അധിക ബാച്ചുകൾ അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസർകോട് ജില്ലകളിലാണ് സീറ്റുകളുടെ അപര്യാപ്തത കൂടുതലുള്ളത്.
“ഈ ജില്ലകളിൽ അധിക ബാച്ചുകൾ അനുവദിക്കുന്നത് പരിഗണനയിലാണ്. ചില ജില്ലകളിൽ വിദ്യാർഥികൾക്ക് അഭിരുചിക്കനുസരിച്ചുള്ള കോഴ്സുകൾ തെരഞ്ഞെടുക്കാൻ കഴിയുന്നില്ല. മലയോര, പിന്നാക്ക മേഖലകളിൽ ആവശ്യമായ പ്ലസ് വൺ സീറ്റുകൾ ഉറപ്പാക്കും. എസ്‌എസ്‌എൽസി വിജയിക്കുന്ന എല്ലാവർക്കും അതത് വിദ്യാഭ്യാസ ജില്ലയിൽ പ്ലസ് വൺ സീറ്റ് ഉറപ്പാക്കുകയാണ് ലക്ഷ്യം,” മന്ത്രി വ്യക്തമാക്കി.

