Home Keralaമതചടങ്ങുകളിൽ യൂണിഫോമിട്ട് പൊലീസുകാർ പങ്കെടുക്കരുതെന്ന ഡിജിപി സർക്കുലറിന് സ്റ്റേ; ഹൈക്കോടതി ഇടക്കാല ഉത്തരവ്

മതചടങ്ങുകളിൽ യൂണിഫോമിട്ട് പൊലീസുകാർ പങ്കെടുക്കരുതെന്ന ഡിജിപി സർക്കുലറിന് സ്റ്റേ; ഹൈക്കോടതി ഇടക്കാല ഉത്തരവ്

by news_desk1
0 comments

കൊച്ചി: മതപരമായ ചടങ്ങുകളിലും ആഘോഷങ്ങളിലും പൊലീസ് ഉദ്യോഗസ്ഥർ ഔദ്യോഗിക യൂണിഫോം ധരിച്ച് പങ്കെടുക്കുന്നത് വിലക്കിയ ഡിജിപിയുടെ സർക്കുലറിന് ഹൈക്കോടതി സ്റ്റേ അനുവദിച്ചു. സർക്കുലർ നടപ്പാക്കുന്നത് ഒരു മാസത്തേക്കാണ് കോടതി തടഞ്ഞത്. സർക്കുലറിൽ പരിശോധിക്കേണ്ട വിഷയങ്ങൾ ഉണ്ടെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.

ജസ്റ്റിസുമാരായ രാജ വിജയരാഘവനും കെ. വി. ജയകുമാറും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ഡിജിപി റവാഡ ചന്ദ്രശേഖർ പുറത്തിറക്കിയ സർക്കുലർ ചോദ്യം ചെയ്ത് ഡോ. പി. എസ്. മഹേന്ദ്ര കുമാറാണ് ഹൈക്കോടതിയെ സമീപിച്ചത്.

തിരുവിതാംകൂറിലെയും കൊച്ചിയിലെയും നിരവധി ക്ഷേത്രങ്ങളിലെ ചടങ്ങുകളിൽ പൊലീസ് ഉദ്യോഗസ്ഥർ പങ്കെടുക്കുന്നത് വർഷങ്ങളായി തുടരുന്ന പരമ്പരാഗത കീഴ്വഴക്കമാണെന്ന് ഹർജിക്കാരന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. ചില ചടങ്ങുകൾ ക്ഷേത്രാചാരങ്ങളുടെ ഭാഗമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

തുടർന്നാണ് വിഷയത്തിൽ വിശദമായ വാദം കേൾക്കാൻ ഹൈക്കോടതി തീരുമാനിച്ചത്.

ഇക്കഴിഞ്ഞ ഒന്നാം തീയതിയാണ് മതപരമായ ചടങ്ങുകളിലും ആഘോഷങ്ങളിലും നിയമപരിപാലന ചുമതലയില്ലാതെ പൊലീസ് ഉദ്യോഗസ്ഥർ ഔദ്യോഗിക യൂണിഫോം ധരിച്ച് പങ്കെടുക്കരുതെന്ന് നിർദേശിച്ച് ഡിജിപി സർക്കുലർ പുറത്തിറക്കിയത്. ഇതുസംബന്ധിച്ച് നിരവധി പരാതികൾ ഉയർന്ന പശ്ചാത്തലത്തിലായിരുന്നു നടപടി.

നിയമപരിപാലന ആവശ്യങ്ങൾക്കല്ലാതെ മതപരമായ പരിപാടികളിൽ ഔദ്യോഗിക വേഷത്തിൽ പങ്കെടുക്കുന്നത് ഒഴിവാക്കണമെന്നായിരുന്നു സർക്കുലറിലെ നിർദേശം. ചില പൊലീസ് ഉദ്യോഗസ്ഥർ ഇത്തരത്തിലുള്ള ചടങ്ങുകളിൽ യൂണിഫോമിട്ട് പങ്കെടുക്കുകയും അതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ റീലുകളായി പങ്കുവെക്കുകയും ചെയ്ത സാഹചര്യവും സർക്കുലർ പുറത്തിറക്കാൻ കാരണമായിരുന്നു.

കേസ് അടുത്ത മാസം 17-ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും.

You may also like