Home Top Storiesഅമിക്കസ് ക്യൂറി റിപ്പോർട്ട് ഹൈക്കോടതിയിൽ; ‘മണ്ണ് നീക്കം ചെയ്യണമെന്ന് അഞ്ച് തവണ ആവശ്യപ്പെട്ടിട്ടും നടപടി ഉണ്ടായില്ല’

അമിക്കസ് ക്യൂറി റിപ്പോർട്ട് ഹൈക്കോടതിയിൽ; ‘മണ്ണ് നീക്കം ചെയ്യണമെന്ന് അഞ്ച് തവണ ആവശ്യപ്പെട്ടിട്ടും നടപടി ഉണ്ടായില്ല’

by news_desk1
0 comments

കൊച്ചി: പദ്ധതി പ്രദേശത്തെ അപകടസാധ്യത ഒഴിവാക്കാൻ മണ്ണ് നീക്കം ചെയ്യണമെന്ന ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ ആവർത്തിച്ചുള്ള ആവശ്യങ്ങൾ അവഗണിച്ചതായി അമിക്കസ് ക്യൂറി ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്ക് നിയമപരമായ വീഴ്ച സംഭവിച്ചതായും റിപ്പോർട്ടിൽ പറയുന്നു.

അപകടസാധ്യത ഒഴിവാക്കാൻ മണ്ണ് നീക്കം ചെയ്യണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി അഞ്ച് തവണ ആവശ്യപ്പെട്ടിരുന്നുവെങ്കിലും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറിയെന്നാണ് റിപ്പോർട്ടിലെ വിലയിരുത്തൽ.

പരിസ്ഥിതി അനുമതി നിലവിലുണ്ടെന്ന കാരണത്താൽ വിഷയത്തിൽ ഇടപെടാതെ ഫയൽ തിരിച്ചയച്ചതായും റിപ്പോർട്ടിൽ പറയുന്നു. ദുരന്തസാധ്യതയുള്ള നിർമാണ പ്രവർത്തനങ്ങൾ പരിശോധിക്കാനുള്ള അധികാരം ഉണ്ടായിരുന്നിട്ടും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി (KSDMA) അത് വിനിയോഗിച്ചില്ലെന്നും, ദുരന്തനിവാരണ നിയമത്തിന് വിരുദ്ധമായ നിലപാടാണ് സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി സ്വീകരിച്ചതെന്നും അമിക്കസ് ക്യൂറി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

കരാർ കമ്പനിക്കും പൊതുമരാമത്ത് വകുപ്പിനും വീഴ്ച സംഭവിച്ചതായും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. പൊതുമരാമത്ത് വകുപ്പുമായിട്ടായിരുന്നു പദ്ധതിയുടെ കരാർ. പദ്ധതിനിർവഹണം നിയമാനുസൃതമായിരുന്നോയെന്ന് വകുപ്പ് പരിശോധിച്ചില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

കരാർ വ്യവസ്ഥകൾ പ്രകാരം മണ്ണ് നീക്കം ചെയ്യാൻ പ്രത്യേക സ്ഥലം നിർദേശിച്ചിരുന്നുവെങ്കിലും കരാർ കമ്പനിയായ ദിലീപ് ബിൽഡ്കോൺ അത് പാലിച്ചില്ലെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്. തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിലും ഗുരുതര വീഴ്ച സംഭവിച്ചതായും അമിക്കസ് ക്യൂറി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

You may also like