Home Entertainmentജോജു ജോർജിന് കരിയറിലെ ഏറ്റവും വലിയ ആദ്യദിന നേട്ടം; ‘വരവ്’ കേരളത്തിൽ നേടിയത് 1.55 കോടി

ജോജു ജോർജിന് കരിയറിലെ ഏറ്റവും വലിയ ആദ്യദിന നേട്ടം; ‘വരവ്’ കേരളത്തിൽ നേടിയത് 1.55 കോടി

by news_desk1
0 comments

മാസ് കഥാപാത്രങ്ങളെ വിശ്വസനീയമായി അവതരിപ്പിക്കാൻ കഴിയുന്ന അഭിനേതാക്കൾ കുറവാണെന്ന അഭിപ്രായം സിനിമാപ്രേമികൾക്കിടയിൽ പതിവായി ഉയരാറുണ്ട്. അത്തരത്തിലുള്ള കഥാപാത്രങ്ങളെ ശക്തമായി അവതരിപ്പിക്കാൻ കഴിഞ്ഞ വർഷങ്ങളിൽ ശ്രദ്ധ നേടിയ നടനാണ് ജോജു ജോർജ്. ഇപ്പോൾ ഷാജി കൈലാസ് സംവിധാനം ചെയ്ത ജോജുവിന്റെ പുതിയ ചിത്രം ‘വരവ്’ തിയറ്ററുകളിലെത്തിയതോടെ ആദ്യദിന ബോക്സ് ഓഫീസ് നേട്ടവും ശ്രദ്ധ നേടുകയാണ്.

ട്രേഡ് ട്രാക്കർമാരുടെ കണക്കുകൾ പ്രകാരം, ഇന്നലെ റിലീസ് ചെയ്ത ചിത്രം ആദ്യദിനം കേരളത്തിൽ നിന്ന് 1.55 കോടി രൂപയുടെ ഗ്രോസ് കളക്ഷൻ നേടി. ഇത് ജോജു ജോർജിന്റെ കരിയറിലെ ഏറ്റവും മികച്ച ആദ്യദിന ഓപ്പണിംഗാണ്.

മുൻ റെക്കോർഡ് ജോഷി സംവിധാനം ചെയ്ത ‘ആന്റണി’ എന്ന ചിത്രത്തിന്റേതായിരുന്നു. ആ ചിത്രം ആദ്യദിനം കേരളത്തിൽ നിന്ന് 1.25 കോടി രൂപ നേടിയിരുന്നു. ജോജുവിന്റെ സംവിധാന അരങ്ങേറ്റമായ ‘പണി’ 1.15 കോടി രൂപയുടെ ആദ്യദിന ഗ്രോസുമായി മൂന്നാം സ്ഥാനത്താണ്.

വലിയ ബജറ്റിൽ 98 ദിവസങ്ങളിലായി ചിത്രീകരിച്ച ‘വരവ്’, ഹൈറേഞ്ച് പശ്ചാത്തലത്തിൽ പ്ലാന്റർമാർക്കിടയിലെ കുടിപ്പകയും അതിജീവനവുമാണ് പ്രമേയമാക്കുന്നത്.

ഷാജി കൈലാസിന്റെ ‘ചിന്താമണി കൊലക്കേസ്’, ‘റെഡ് ചില്ലീസ്’ എന്നീ ചിത്രങ്ങൾക്ക് തിരക്കഥ ഒരുക്കിയ എ.കെ. സാജനാണ് ഈ ചിത്രത്തിനും തിരക്കഥ ഒരുക്കിയത്. ഓൾഗാ പ്രൊഡക്ഷൻസിന്റെ ബാനറിൽ നൈസി റെജിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

ജോജു ജോർജിനൊപ്പം വാണി വിശ്വനാഥ്, സുകന്യ, മുരളി ഗോപി, അർജുൻ അശോകൻ, ദീപക് പറമ്പോൽ, ബാബുരാജ്, അസീസ് നെടുമങ്ങാട്, ബൈജു സന്തോഷ്, അഭിമന്യു തിലകൻ, ബോബി കുര്യൻ, അശ്വിൻ കുമാർ, ശ്രീജിത്ത് രവി, കോട്ടയം രമേശ്, ബാലാജി, ബിജു പപ്പൻ, ചാലി പാല, ഷാജി ഷാഹിദ്, ആൻഡ്രായ് ബ്ലിറ്റ്സ് നെറ്റ്സോവ്, സാനിയ ഇയ്യപ്പൻ, വിൻസി അലോഷ്യസ്, വീണ നായർ, മെറ്റിൽഡ പെട്രോവിക് എന്നിവരടങ്ങുന്ന വലിയ താരനിരയും ചിത്രത്തിന്റെ ഭാഗമാണ്.

You may also like