Home Keralaസോഷ്യൽ മീഡിയ വഴി മയക്കുമരുന്ന് വിൽപ്പന; 19കാരൻ എക്സൈസിന്റെ പിടിയിൽ, 19 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു

സോഷ്യൽ മീഡിയ വഴി മയക്കുമരുന്ന് വിൽപ്പന; 19കാരൻ എക്സൈസിന്റെ പിടിയിൽ, 19 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു

by news_desk1
0 comments

ആലപ്പുഴ: സമൂഹമാധ്യമങ്ങൾ വഴി മയക്കുമരുന്ന് വിൽപ്പന നടത്താൻ ശ്രമിച്ച 19കാരൻ എക്സൈസ് സംഘത്തിന്റെ പിടിയിൽ. ഗൗതം രതീഷ് (19) എന്ന യുവാവാണ് അറസ്റ്റിലായത്. ഇയാളിൽ നിന്ന് 19 ഗ്രാം കഞ്ചാവ് എക്സൈസ് സംഘം പിടിച്ചെടുത്തു.

ആലപ്പുഴ എക്സൈസ് സൈബർ സെല്ലിന്റെ സൈബർ പട്രോളിങ്ങിനിടെയാണ് സമൂഹമാധ്യമങ്ങൾ കേന്ദ്രീകരിച്ച് നടക്കുന്ന മയക്കുമരുന്ന് കച്ചവടത്തെക്കുറിച്ചുള്ള വിവരം ഉദ്യോഗസ്ഥർക്ക് ലഭിച്ചത്. തുടർന്ന് സൈബർ സെല്ലും ആലപ്പുഴ എക്സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡും ചേർന്ന് നടത്തിയ സംയുക്ത നീക്കത്തിലാണ് പ്രതിയെ പിടികൂടിയത്.

മണ്ണഞ്ചേരി പഞ്ചായത്തിലെ വാളിയകലവൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ കിഴക്കേ കവാടത്തിന് സമീപത്തെ റോഡിൽവച്ചാണ് അറസ്റ്റ് നടന്നത്.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സെബാസ്റ്റ്യൻ എയുടെ നേതൃത്വത്തിലുള്ള സംഘം പ്രദേശം വളഞ്ഞ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതിക്കെതിരെ എൻഡിപിഎസ് നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി എക്സൈസ് അധികൃതർ അറിയിച്ചു.

പരിശോധനയിൽ പ്രിവന്റീവ് ഓഫീസർ അനിലാൽ, വനിതാ സിവിൽ എക്സൈസ് ഓഫീസർ സുലേഖ, സിവിൽ എക്സൈസ് ഓഫീസർമാരായ ഗോപികൃഷ്ണൻ, സാജൻ ജോസഫ് എന്നിവരും പങ്കെടുത്തു. മേഖലയിൽ മയക്കുമരുന്ന് വിൽപ്പന നടത്തുന്ന കൂടുതൽ കണ്ണികളെ കണ്ടെത്തുന്നതിനായി നിരീക്ഷണം ശക്തമാക്കുമെന്ന് എക്സൈസ് അറിയിച്ചു.

You may also like