കോഴിക്കോട്: ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെ ഉറങ്ങുകയായിരുന്ന യാത്രക്കാരുടെയും കുട്ടിയുടെയും ചിത്രങ്ങൾ പകർത്തിയെന്ന പരാതിയിൽ തിരുവനന്തപുരം സ്വദേശി അറസ്റ്റിൽ. എരവൂർ സ്വദേശി റെജിയെയാണ് ആർ.പി.എഫും റെയിൽവേ പൊലീസും ചേർന്ന് കസ്റ്റഡിയിലെടുത്തത്. പിന്നീട് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.
കഴിഞ്ഞ ദിവസം രാത്രി എറണാകുളം–ഓഖ എക്സ്പ്രസിലാണ് സംഭവം. ഷൊർണൂരിൽ എത്തിയപ്പോഴാണ് റെജി യാത്രക്കാരിയുടെ ചിത്രം പകർത്തിയതെന്നാണ് പരാതി. പരാതിക്കാരിയും സഹോദരിയും സഹോദരിയുടെ മകളും ഒരുമിച്ചാണ് ട്രെയിനിൽ യാത്ര ചെയ്തിരുന്നത്.
യാത്രയ്ക്കിടെ ഉറങ്ങുകയായിരുന്ന സഹോദരിയുടെയും മകളുടെയും ചിത്രങ്ങൾ പ്രതി പകർത്തിയെന്നാണ് പരാതി. സംഭവത്തെ തുടർന്ന് യാത്രക്കാർ ട്രെയിനിലെ ടിടിഇയെ വിവരം അറിയിച്ചു.
ട്രെയിൻ കോഴിക്കോട് എത്തിയതോടെ ആർ.പി.എഫും റെയിൽവേ പൊലീസും ചേർന്ന് റെജിയെ കസ്റ്റഡിയിലെടുത്തു. സാമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിക്കാനായി സ്ത്രീകളുടെയും കുട്ടിയുടെയും ചിത്രങ്ങൾ പകർത്തിയതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.
