Home Kerala‘സ്ത്രീകളെ നിങ്ങൾ രംഗത്തിറക്കേണ്ടതില്ല; വീട്ടിലിരിക്കാൻ തിട്ടൂരമിറക്കാൻ ഇത് നിങ്ങളുടെ നാട്ടുരാജ്യമല്ല’

‘സ്ത്രീകളെ നിങ്ങൾ രംഗത്തിറക്കേണ്ടതില്ല; വീട്ടിലിരിക്കാൻ തിട്ടൂരമിറക്കാൻ ഇത് നിങ്ങളുടെ നാട്ടുരാജ്യമല്ല’

by news_desk1
0 comments

കൊച്ചി: സമസ്ത നേതാവ് കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുടെ സ്ത്രീവിരുദ്ധ പ്രസ്താവനയെ വിമർശിച്ച് കോൺഗ്രസ് നേതാവ് ജിന്റോ ജോൺ. പഠിച്ചവരെന്ന് അവകാശപ്പെടുന്നവർ മതത്തിന്റെയും വിശ്വാസത്തിന്റെയും വ്യാഖ്യാനത്തിന്റെ മറവിൽ സ്ത്രീവിരുദ്ധത പറയുകയാണെങ്കിൽ അതിനെ എതിർക്കുമെന്ന് ജിന്റോ ജോൺ പറഞ്ഞു. ജീവിക്കുന്ന നാടിന്റെ ഭരണഘടന പറയുന്നത് മാനിക്കാനുള്ള മിനിമം മര്യാദ ഏത് ‘മതപണ്ഡിതർ’ക്കുമുണ്ടെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

‘സ്ത്രീകളെ രംഗത്തിറക്കിയാൽ വലിയ നാശമാണ്’ എന്ന് പറയുന്ന ഉസ്താദേ, സ്ത്രീകളെ നിങ്ങൾ രംഗത്തിറക്കേണ്ട കാര്യമൊന്നുമില്ല. രംഗത്തിറക്കാനും അണിയറയിൽ ഒളിപ്പിക്കാനും ഇത് നാടകാവതരണമൊന്നുമല്ലല്ലോ. നിങ്ങൾക്ക് രംഗത്ത് വരാനുള്ളത് പോലെ തന്നെ സ്ത്രീകൾക്കും അവകാശമുണ്ട്.

അങ്ങയുടെ മകൻ പറഞ്ഞത് പോലെ, ‘അടുക്കളയിൽ പാചകം ചെയ്തും മക്കളെ പ്രസവിച്ചും മഹത്തായ കർമം നിർവഹിക്കുന്ന സ്ത്രീകൾ’ എന്ന് പറഞ്ഞ് അവരെ കുപ്പിയിൽ അടച്ച് അടുക്കളയിൽ സൂക്ഷിക്കേണ്ടതുമല്ല. അവരും നിങ്ങളെ പോലെ തന്നെ തുല്യ അവകാശങ്ങളുള്ള മനുഷ്യരാണ്. അവർ മക്കളെ പെറ്റുകൂട്ടാനും ബാക്കിയുള്ളവർക്ക് വെച്ചുവിളമ്പാനും മാത്രമുള്ള യന്ത്രങ്ങളാണെന്ന കാഴ്ചപ്പാട് മാറ്റണം, മാറ്റേണ്ടിയിരിക്കുന്നു’, ജിന്റോ ജോൺ പറഞ്ഞു.

ലോകമെമ്പാടും പുരുഷ മേധാവിമാർ ഉണ്ടാക്കിയ നാശങ്ങളോളം വലുതൊന്നും സ്ത്രീകൾ അധികാരസ്ഥാനത്ത് എത്തുന്നതിലൂടെ ഉണ്ടായിട്ടില്ലെന്നും ജിന്റോ ജോൺ കൂട്ടിച്ചേർത്തു. സ്ത്രീകൾ അടങ്ങിയൊതുങ്ങി വീട്ടിലിരിക്കണമെന്ന് തിട്ടൂരമിറക്കാൻ ഇത് നിങ്ങളുടെ നാട്ടുരാജ്യമല്ലെന്നും, തുല്യാവകാശവും അവസരങ്ങളും ഉറപ്പുനൽകുന്ന ഭരണഘടന അംഗീകരിച്ച സ്വതന്ത്ര ഇന്ത്യ എന്ന റിപ്പബ്ലിക്കാണിതെന്നും അദ്ദേഹം പറഞ്ഞു.

ബാക്കിയുള്ള തിട്ടൂരങ്ങളൊക്കെ മനസ്സിൽ വെച്ച് അടങ്ങിയൊതുങ്ങി ഇരിക്കുന്നതായിരിക്കും അഭികാമ്യമെന്നും ജിന്റോ ജോൺ കൂട്ടിച്ചേർത്തു.

You may also like