Home Top Storiesഡൽഹിയിൽ ഇന്ന് സിപിഐയുടെ ‘ബദലാവ് സരൂരി ഹേ’ പ്രതിഷേധം; ഒരു ലക്ഷം പ്രവർത്തകർ അണിനിരക്കും

ഡൽഹിയിൽ ഇന്ന് സിപിഐയുടെ ‘ബദലാവ് സരൂരി ഹേ’ പ്രതിഷേധം; ഒരു ലക്ഷം പ്രവർത്തകർ അണിനിരക്കും

by news_desk1
0 comments

ന്യൂഡൽഹി: ഒരു ലക്ഷത്തോളം പ്രവർത്തകരെ അണിനിരത്തി സിപിഐ ഇന്ന് ഡൽഹിയിലെ രാംലീല മൈതാനിയിൽ ‘ബദലാവ് സരൂരി ഹേ’ (മാറ്റം അനിവാര്യം) പ്രതിഷേധം സംഘടിപ്പിക്കും. രാവിലെ 11 മണിക്കാണ് പ്രതിഷേധ പരിപാടി ആരംഭിക്കുക. സിപിഐ നേതാക്കൾക്ക് പുറമെ പ്രശാന്ത് ഭൂഷൺ, കപിൽ സിബൽ ഉൾപ്പെടെ നിരവധി പ്രമുഖർ സമരത്തെ അഭിസംബോധന ചെയ്യും. ഉച്ചതിരിഞ്ഞ് മൂന്നുമണിയോടെ പരിപാടികൾ അവസാനിക്കും.

ഇതിനിടെ, സമരം തകർക്കുന്നതിനായി ഉത്തർപ്രദേശിൽ നിന്നുള്ള സിപിഐ നേതാക്കളെ യോഗി ആദിത്യനാഥ് സർക്കാർ വീട്ടുതടങ്കലിലാക്കിയതായി സിപിഐ ആരോപിച്ചു. അഹ്സേഷം ബാഗ് (അലിഗഢ്), അമിത് യാദവ് (ഫറൂഖാബാദ്), പൂരൺ സിങ് (ആഗ്ര), സഹീദ് അൻവർ (ഗാസിയാബാദ്), എം. ഹസൻ സാം ഭാലി (സംഭാൽ), രാം ശങ്കർ ലാൽ (ഷാജഹാൻപൂർ) എന്നീ ജില്ലാ സെക്രട്ടറിമാരെയും ചില പ്രാദേശിക നേതാക്കളെയുമാണ് വീട്ടുതടങ്കലിലാക്കിയിരിക്കുന്നതെന്നാണ് സിപിഐയുടെ ആരോപണം.

കേരളം, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രത്യേക ട്രെയിനുകൾ റദ്ദാക്കി പങ്കാളിത്തം ഇല്ലാതാക്കാനുള്ള നീക്കം പരാജയപ്പെട്ട സാഹചര്യത്തിലാണ് സർക്കാർ ഇത്തരമൊരു കുതന്ത്രം പയറ്റുന്നതെന്ന് സിപിഐ ജനറൽ സെക്രട്ടറി ഡി. രാജ കുറ്റപ്പെടുത്തി. ഇക്കാര്യത്തിൽ അടിയന്തര നടപടി ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് സിപിഐ നേതാക്കൾ കത്തയച്ചു.

വനിതാ സംവരണം നടപ്പാക്കുക, തൊഴിലില്ലായ്മയ്ക്കും വിലക്കയറ്റത്തിനും പരിഹാരം കാണുക തുടങ്ങിയ ആവശ്യങ്ങളാണ് പ്രതിഷേധത്തിൽ സിപിഐ പ്രധാനമായും ഉയർത്തുന്നത്. സിപിഐയുടെ പ്രതിഷേധത്തിന്റെ ഭാഗമായി തലസ്ഥാന നഗരിയിൽ കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. പ്രതിഷേധ വേദിക്ക് സമീപം മൂവായിരത്തോളം പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കും. പ്രത്യേക സിസിടിവി സംവിധാനത്തിലൂടെ പ്രതിഷേധം നിരീക്ഷിക്കാനാണ് പൊലീസിന്റെ നീക്കം.

You may also like