Home Localകാമ്പസിൽ പട്ടുനൂൽ വിപ്ലവം; സംസ്ഥാനത്ത് ആദ്യ കൊക്കൂൺ വിളവെടുപ്പുമായി തൃശൂർ വിമല കോളജ്

കാമ്പസിൽ പട്ടുനൂൽ വിപ്ലവം; സംസ്ഥാനത്ത് ആദ്യ കൊക്കൂൺ വിളവെടുപ്പുമായി തൃശൂർ വിമല കോളജ്

by news_desk1
0 comments

തൃശൂർ: സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ കാമ്പസുകളുടെ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് പട്ടുനൂൽ ഉൽപ്പാദന രംഗത്തേക്ക് ചുവടുവെച്ച് തൃശൂർ വിമല കോളജ്. കോളജിലെ സുവോളജി വിഭാഗം വിദ്യാർഥികൾ സ്വന്തമായി മൾബറി കൃഷി നടത്തുകയും പട്ടുനൂൽപ്പുഴുക്കളെ ശാസ്ത്രീയമായി പരിപാലിക്കുകയും ചെയ്ത് സിൽക്ക് കൊക്കൂൺ ഉൽപ്പാദനം വിജയകരമായി പൂർത്തിയാക്കി. ഇതോടെ പട്ടുനൂൽപ്പുഴു കൃഷിയും കൊക്കൂൺ വിളവെടുപ്പും നടത്തുന്ന സംസ്ഥാനത്തെ ആദ്യ കോളജ് കാമ്പസ് എന്ന അപൂർവ നേട്ടം വിമല കോളജിന് സ്വന്തമായി.

സുവോളജി വിഭാഗത്തിന്റെ നേതൃത്വത്തിൽ കാമ്പസിൽ രൂപം നൽകിയ സെറികൾച്ചർ സ്റ്റാർട്ടപ്പ് സംരംഭമായ ‘വി-വീവ്’, പ്രഥമ സിൽക്ക് കൊക്കൂൺ വിളവെടുപ്പ് എന്നിവയുടെ ഉദ്ഘാടനം ചാണ്ടി ഉമ്മൻ എം.എൽ.എ നിർവഹിച്ചു. കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് മുതൽക്കൂട്ടാകുന്ന രീതിയിൽ സെറികൾച്ചർ മേഖലയിലെ പുതിയ സാധ്യതകൾ കാമ്പസുകളിൽനിന്ന് ഉയർന്നുവരണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

സംസ്ഥാനത്ത് പുതിയൊരു ‘സിൽക്ക് ഇക്കോണമി’ കെട്ടിപ്പടുക്കാൻ സർക്കാർ മുൻകൈയെടുക്കണമെന്നും കോളജുകളെ ഏകോപിപ്പിച്ച് ‘സിൽക്ക് ഇക്കോണമി മിഷൻ’ പോലുള്ള സംയോജിത പദ്ധതികൾ ആവിഷ്കരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം പദ്ധതികൾ യുവതലമുറയ്ക്ക് പുതിയ തൊഴിൽ, സംരംഭക സാധ്യതകൾ തുറന്നുനൽകുമെന്നും വിമല കോളജ് മുന്നോട്ടുവെച്ച മാതൃകാപരമായ ഈ കാമ്പസ് സംരംഭം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും അദ്ദേഹം ഉറപ്പുനൽകി.

വിമല കോളജിന്റെ പാടൂക്കാടുള്ള ഓഫ് കാമ്പസിലാണ് വിദ്യാർഥികൾ മൾബറി കൃഷിയും പട്ടുനൂൽപ്പുഴു വളർത്തലും നടത്തിയത്. മികച്ച വിളവ് നൽകുന്ന വി-വൺ ഇനത്തിൽപ്പെട്ട മൾബറി ഇലകളും ഡബിൾ ഹൈബ്രിഡ് ലേയിങ്സ് വിഭാഗത്തിലുള്ള പട്ടുനൂൽപ്പുഴുക്കളെയും പ്രയോജനപ്പെടുത്തിയാണ് കൊക്കൂൺ ഉൽപ്പാദനം പൂർത്തിയാക്കിയത്. സുവോളജി വിഭാഗം മേധാവി പ്രൊഫ. ഫീബാറാണി ജോണാണ് ഈ സ്റ്റാർട്ടപ്പ് സംരംഭത്തിന്റെ മുഖ്യ ഉപജ്ഞാതാവും മാർഗദർശിയും.

കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ പ്രൊഫ. സിസ്റ്റർ ബീന ജോസ് അധ്യക്ഷത വഹിച്ചു. തൃശൂർ കോർപ്പറേഷൻ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ. വില്ലി ജിജോ, കോർപ്പറേഷൻ കൗൺസിലർ സി.ആർ. ഹിരൺ, കേന്ദ്ര സിൽക്ക് ബോർഡ് ശാസ്ത്രജ്ഞ എം. ശ്യാമള, പോവർട്ടി അലീവിയേഷൻ യൂണിറ്റ് പ്രോജക്ട് ഡയറക്ടർ ടി.ജി. അഭിജിത്, വിമല കോളജ് സൂപ്രണ്ട് സിസ്റ്റർ ആൻ ഗ്രേസ്, കൃഷി ഓഫീസർ ചിത്ര ഗംഗാധരൻ, സിൽക്ക് മാർക്ക് എക്സിക്യൂട്ടീവ് പി.സി. ജോണി, പ്രൊഫ. ഫീബാറാണി ജോൺ, യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ എ. വിനയ എന്നിവർ സംസാരിച്ചു.

You may also like