തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രാത്രി ഭാഗികമായി വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്താൻ സാധ്യതയുണ്ടെന്ന് കെഎസ്ഇബി അറിയിച്ചു. കേന്ദ്ര ഉൽപ്പാദന നിലയങ്ങളിൽ നിന്നുള്ള വൈദ്യുതി ലഭ്യത കുറഞ്ഞതും ദേശീയ വിപണിയിൽ ആവശ്യത്തിന് വൈദ്യുതി ലഭ്യമല്ലാത്തതുമാണ് പ്രതിസന്ധിക്ക് കാരണമെന്ന് അധികൃതർ വ്യക്തമാക്കി.
കേരളത്തിന് ലഭ്യമാകേണ്ട വൈദ്യുതിയിൽ ഇന്ന് വൈകീട്ട് 6.30 മുതൽ രാത്രി 12 മണി വരെ ഏകദേശം 700 മെഗാവാട്ടിന്റെ കുറവുണ്ടാകാൻ സാധ്യതയുണ്ടെന്ന് ഗ്രിഡ് കൺട്രോളർ ഓഫ് ഇന്ത്യ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ സംസ്ഥാനത്തുടനീളം ഭാഗികമായ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ട സാഹചര്യമുണ്ടായേക്കുമെന്നാണ് കെഎസ്ഇബി അറിയിച്ചത്.
കെഎസ്ഇബി അറിയിപ്പിൽ പറയുന്നതിങ്ങനെ: കേരളത്തിന് ലഭ്യമാകേണ്ട വൈദ്യുതിയിൽ വൈകീട്ട് 6.30 മുതൽ രാത്രി 12 വരെ 700 മെഗാവാട്ടിന്റെ കുറവുണ്ടാകാൻ സാധ്യതയുണ്ട്. കേന്ദ്ര ഉൽപ്പാദന നിലയങ്ങളിൽ നിന്നുള്ള വൈദ്യുതി ലഭ്യതയിലും കുറവുണ്ട്. കൂടാതെ ദേശീയ വിപണിയിലും ആവശ്യത്തിന് വൈദ്യുതി ലഭ്യമല്ല.
ഇക്കാരണങ്ങളാൽ ഇന്ന്, 2026 സെപ്റ്റംബർ 3, വൈകീട്ട് 6.30 നും രാത്രി 12 നും ഇടയിൽ സംസ്ഥാനത്ത് ഭാഗികമായ വൈദ്യുതി നിയന്ത്രണം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് കെഎസ്ഇബി അറിയിച്ചു.
