നിമിഷ സജയനും തമിഴ് നടൻ കരുണാസും കേന്ദ്ര കഥാപാത്രങ്ങളാകുന്ന പാൻ ഇന്ത്യൻ തമിഴ് ചിത്രം **‘എന്ന വിലൈ’**യിലെ ആദ്യ ഗാനം പുറത്തിറങ്ങി. ദേശീയ പുരസ്കാര ജേതാവായ സജീവ് പാഴൂർ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ‘കടലാടും സീമയിലെ’ എന്ന വരികളോടെ ആരംഭിക്കുന്ന ഗാനത്തിന്റെ വീഡിയോയാണ് പുറത്തുവിട്ടത്.
സാം സി.എസ് സംഗീതം ഒരുക്കിയ ഗാനം ആലപിച്ചത് ആന്റണി ദാസനാണ്. ഗാനത്തിന് വരികൾ രചിച്ചത് കാർത്തിക് നേതയാണ്. മനോഹരമായ മെലഡിയായാണ് ഗാനം ഒരുക്കിയിരിക്കുന്നത്. കരുണാസ്, നിമിഷ സജയൻ എന്നിവരുൾപ്പെടെയുള്ള ചിത്രത്തിലെ പ്രധാന താരങ്ങളെല്ലാം ഗാനരംഗത്തിന്റെ ഭാഗമായിട്ടുണ്ട്.
സെപ്റ്റംബറിൽ ആഗോള റിലീസായി എത്തുന്ന ചിത്രം കേരളത്തിലെ തിയേറ്ററുകളിൽ പ്രദർശനത്തിനെത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസാണ്. കലാമയ സിനിവേഴ്സ്, റോമിയോ പിക്ചേഴ്സ് എന്നീ ബാനറുകളിൽ മലയാളിയായ ജിതേഷ് വി, അനുഗോപാൽ വേണുഗോപാലൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ എന്ന ചിത്രത്തിലൂടെ മികച്ച തിരക്കഥയ്ക്കുള്ള ദേശീയ അവാർഡും കേരള സംസ്ഥാന ചലച്ചിത്ര അവാർഡും നേടിയ സജീവ് പാഴൂരാണ് ‘എന്ന വിലൈ’ രചിച്ച് സംവിധാനം ചെയ്യുന്നത്.
ചിത്രത്തിന്റെ ഓഡിയോ റൈറ്റ്സ് പ്രശസ്ത സംഗീത സംവിധായകനും നിർമാതാവുമായ ജി.വി. പ്രകാശ് കുമാറിന്റെ മ്യൂസിക് ലേബൽ സ്വന്തമാക്കി. ‘യൂത്ത്’ എന്ന ചിത്രത്തിലെ ഗാനങ്ങളുടെ വിജയകരമായ റിലീസിന് പിന്നാലെയാണ് **‘എന്ന വിലൈ’**യിലെ ഗാനങ്ങളും ഈ മ്യൂസിക് ലേബലിലൂടെ സംഗീതാസ്വാദകരിലേക്കെത്തുന്നത്.
സോഷ്യോ-പൊളിറ്റിക്കൽ ത്രില്ലർ ഘടകങ്ങൾ നിറഞ്ഞ ഫാമിലി ഡ്രാമയായാണ് ‘എന്ന വിലൈ’ ഒരുക്കിയിരിക്കുന്നത്.
