Home Keralaചെക്ക് കേസിലെ ശിക്ഷ പാലായ്ക്ക് അപമാനം; എംഎൽഎ സ്ഥാനം രാജിവെക്കണോയെന്ന് കാപ്പൻ തീരുമാനിക്കട്ടെയെന്ന് ജോസ് കെ മാണി

ചെക്ക് കേസിലെ ശിക്ഷ പാലായ്ക്ക് അപമാനം; എംഎൽഎ സ്ഥാനം രാജിവെക്കണോയെന്ന് കാപ്പൻ തീരുമാനിക്കട്ടെയെന്ന് ജോസ് കെ മാണി

by news_desk1
0 comments

കൊച്ചി: ചെക്ക് കേസിൽ പാലാ എംഎൽഎ മാണി സി. കാപ്പന് ശിക്ഷ ലഭിച്ചത് പാലാ നിയോജകമണ്ഡലത്തിന് തന്നെ അപമാനകരമായ സംഭവമാണെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി പറഞ്ഞു. എംഎൽഎ സ്ഥാനം രാജിവെക്കണോയെന്ന കാര്യത്തിൽ മാണി സി. കാപ്പൻ തന്നെ തീരുമാനമെടുക്കട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി.

സംഭവത്തിൽ യുഡിഎഫ് വ്യക്തമായ നിലപാട് സ്വീകരിക്കണമെന്നും ജോസ് കെ. മാണി ആവശ്യപ്പെട്ടു. വെറുമൊരു കോടതി പരാമർശത്തിന്റെ പേരിൽ മുൻപ് കെ.എം. മാണി രാജിവെച്ച സംഭവവും ചൂണ്ടിക്കാട്ടിയാണ് യുഡിഎഫിനോട് നിലപാട് വ്യക്തമാക്കാൻ അദ്ദേഹം ആവശ്യപ്പെട്ടത്.

കാപ്പന് ഒരു വർഷം തടവും 1.20 കോടി രൂപ പിഴയും

കണ്ണൂർ വിമാനത്താവളം ഓഹരിയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിലാണ് പാലാ എംഎൽഎ മാണി സി. കാപ്പന് ഒരു വർഷം തടവും 1.20 കോടി രൂപ പിഴയും ശിക്ഷ ലഭിച്ചത്. മുംബൈ ബോറിവലി മജിസ്ട്രേറ്റ് കോടതിയുടേതായിരുന്നു വിധി.

ഒരു മാസത്തിനകം പിഴത്തുക അടയ്ക്കണമെന്നാണ് കോടതി നിർദേശിച്ചത്. തുക അടച്ചില്ലെങ്കിൽ മൂന്ന് മാസം കൂടി തടവ് അനുഭവിക്കേണ്ടിവരും. മുംബൈ വ്യവസായി ദിനേശ് മേനോൻ നൽകിയ പരാതിയിലാണ് കോടതി നടപടി സ്വീകരിച്ചത്.

തടവുശിക്ഷ ഒരു വർഷമായതിനാൽ എംഎൽഎ സ്ഥാനത്തിന് നിലവിൽ ഭീഷണിയില്ല. അതേസമയം, ശിക്ഷാവിധിക്കെതിരെ അപ്പീൽ നൽകുമെന്ന് മാണി സി. കാപ്പൻ പ്രതികരിച്ചിരുന്നു. തന്റെ ഭാഗം കേൾക്കാതെയാണ് വിധിയെന്നും, താൻ ഹാജരാകാതെ എങ്ങനെ വിധി പറയാനാകുമെന്നും അദ്ദേഹം ചോദിച്ചു.

കേസ് തനിക്കെതിരായ ഗൂഢാലോചനയാണെന്നും ആർക്കും പണം നൽകാനില്ലെന്നുമാണ് മാണി സി. കാപ്പന്റെ വാദം.

You may also like