Home Keralaരണ്ട് കിലോ സ്വർണം, ആറരക്കിലോ വെള്ളി, 12 ലക്ഷം രൂപ; അനധികൃത സ്വത്ത് കേസിൽ തിരുമല തിരുപ്പതി ദേവസ്ഥാനം ഡെപ്യൂട്ടി എക്സിക്യൂട്ടിവ് ഓഫീസർ അറസ്റ്റിൽ

രണ്ട് കിലോ സ്വർണം, ആറരക്കിലോ വെള്ളി, 12 ലക്ഷം രൂപ; അനധികൃത സ്വത്ത് കേസിൽ തിരുമല തിരുപ്പതി ദേവസ്ഥാനം ഡെപ്യൂട്ടി എക്സിക്യൂട്ടിവ് ഓഫീസർ അറസ്റ്റിൽ

by news_desk1
0 comments

തിരുപ്പതി: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ തിരുമല തിരുപ്പതി ദേവസ്ഥാനം ഡെപ്യൂട്ടി എക്സിക്യൂട്ടിവ് ഓഫീസർ അറസ്റ്റിൽ. തിരുമല തിരുപ്പതി ദേവസ്ഥാനം ഡെപ്യൂട്ടി എക്സിക്യൂട്ടിവ് ഓഫീസറായ എം. ലോകനാദത്തെയാണ് സംസ്ഥാന അഴിമതിവിരുദ്ധ ബ്യൂറോ അറസ്റ്റ് ചെയ്തത്.

ബുധനാഴ്ച ലോകനാദത്തിന്റെ വീട്ടിലും ഇയാളുമായി ബന്ധപ്പെട്ട മറ്റ് കേന്ദ്രങ്ങളിലും അഴിമതിവിരുദ്ധ ബ്യൂറോ പരിശോധന നടത്തിയിരുന്നു. റെയ്ഡിന് പിന്നാലെ വ്യാഴാഴ്ച ലോകനാദത്തെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

പരിശോധനയിൽ ലോകനാദത്തിന്റെ വീട്ടിൽ നിന്നും മറ്റ് ഇടങ്ങളിൽ നിന്നുമായി രണ്ട് കിലോ സ്വർണം, ആറരക്കിലോ വെള്ളി, 12 ലക്ഷം രൂപ എന്നിവ പിടിച്ചെടുത്തിരുന്നു. ഇതിന് പുറമേ രണ്ട് കെട്ടിടങ്ങൾ, നാല് പുരയിടങ്ങൾ, നാല് സ്ഥിരനിക്ഷേപങ്ങളുടെ രേഖകൾ എന്നിവയും കണ്ടെത്തി.

ഇവയെല്ലാം ലോകനാദം അനധികൃതമായി സമ്പാദിച്ച സ്വത്തുക്കളാണെന്നാണ് അഴിമതിവിരുദ്ധ ബ്യൂറോയുടെ കണ്ടെത്തൽ. തുടർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. നെല്ലൂർ അഴിമതിവിരുദ്ധ ബ്യൂറോ കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.

അതേസമയം, ഡെപ്യൂട്ടി എക്സിക്യൂട്ടിവ് ഓഫീസർ അറസ്റ്റിലായതിന് പിന്നാലെ പകരം ഉദ്യോഗസ്ഥനെ നിയമിക്കാനുള്ള നടപടികൾ തിരുമല തിരുപ്പതി ദേവസ്ഥാനം അധികൃതർ ആരംഭിച്ചു. ക്ഷേത്രത്തിലെ ഉത്സവങ്ങളും മറ്റ് പ്രധാന ചടങ്ങുകളും നടക്കുന്ന സാഹചര്യത്തിൽ എത്രയും വേഗം പകരം ഉദ്യോഗസ്ഥനെ നിയമിക്കാനാണ് അധികൃതരുടെ തീരുമാനം.

You may also like