തിരുവനന്തപുരം: കസ്റ്റഡിയിലെടുത്ത പ്രതിയെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട് പോത്തൻകോട് പൊലീസ് സ്റ്റേഷനിൽ 15കാരിയുടെ ബഹളം. എസ്ഐ ഉൾപ്പെടെയുള്ള പൊലീസുകാരെ മർദിക്കുകയും അസഭ്യം പറയുകയും സ്റ്റേഷനിലേക്ക് കല്ലെറിയുകയും ചെയ്തതോടെ പൊലീസ് പ്രതിസന്ധിയിലായി. ഒടുവിൽ രക്ഷിതാക്കളെ വിളിച്ചുവരുത്തി പെൺകുട്ടിയെ പുലർച്ചെ പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു.
ബുധനാഴ്ച രാത്രി 10ന് ശേഷമാണ് സംഭവം. ബാറിന് സമീപം സംശയാസ്പദമായി കണ്ട റൗഡി ലിസ്റ്റിലുള്ള 28കാരനെ പട്രോളിങ് സംഘം കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ചതിന് പിന്നാലെയാണ് പെൺകുട്ടി എത്തിയത്. സുഹൃത്തിനെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട് ‘എന്റെ ചെർക്കനെ ഇറക്കിവിടടാ’ എന്ന് അലറുകയായിരുന്നു.
സ്റ്റേഷനിൽ വനിതാ പൊലീസുകാർ ഇല്ലാതിരുന്നതിനാൽ പെൺകുട്ടിയെ തടഞ്ഞുവയ്ക്കാൻ കഴിയാതെ വന്നതോടെ എസ്ഐ ഉൾപ്പെടെയുള്ളവരെ മർദിക്കുകയും ബഹളം തുടരുകയും ചെയ്തു. സംഘർഷം രൂക്ഷമായതോടെ വനിതാ പൊലീസുകാരെ വിളിച്ചുവരുത്തിയെങ്കിലും പെൺകുട്ടി ശാന്തയായില്ല. തുടർന്ന് വീട്ടുകാരെ വിളിച്ചുവരുത്തി ആംബുലൻസിൽ മാനസികാരോഗ്യ കേന്ദ്രത്തിലെത്തിക്കുകയായിരുന്നു.
പെൺകുട്ടി ലഹരിക്ക് അടിമയാണോയെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
