Home Editorialതിരഞ്ഞെടുപ്പ് കമ്മീഷൻവിശ്വാസം വീണ്ടെടുക്കേണ്ട സമയം

തിരഞ്ഞെടുപ്പ് കമ്മീഷൻവിശ്വാസം വീണ്ടെടുക്കേണ്ട സമയം

by news_desk
0 comments

ബാരിക്കേഡുകൾക്ക് പിന്നിൽ ഒളിപ്പിക്കാനാകാത്ത ചോദ്യങ്ങൾ

പാർലമെന്റ് മകരദ്വാരത്തിൽനിന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിലേക്ക് നീണ്ട പ്രതിപക്ഷ എം.പിമാരുടെ മാർച്ച് ഒരു രാഷ്ട്രീയ പ്രതിഷേധം മാത്രമായി കാണാനാകില്ല. ഇന്ത്യൻ ജനാധിപത്യത്തിന്റെ വിശ്വാസ്യതയെക്കുറിച്ചുള്ള ആഴത്തിലുള്ള ആശങ്കയാണ് ആ തെരുവിൽ പ്രകടമായത്. രാജ്യത്തെ പ്രതിപക്ഷ കക്ഷികളുടെ നൂറുകണക്കിന് എം.പിമാർ തെരുവിലിറങ്ങുകയും പൊലീസ് അവരെ തടയുകയും ചെയ്തതോടെ ഉയർന്ന ചോദ്യങ്ങൾക്ക് ബാരിക്കേഡുകൾകൊണ്ട് മറുപടി നൽകാനാകില്ല. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടാണ് പ്രതിപക്ഷം സമരം നടത്തിയത്. വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണം-എസ്.ഐ.ആർ-മുതൽ കമ്മീഷന്റെ തീരുമാനങ്ങളിലെ ഏകപക്ഷീയത ആരോപണംവരെ നിരവധി വിഷയങ്ങളാണ് പ്രതിഷേധത്തിന് പിന്നിൽ. പ്രത്യേകിച്ച് കമ്മീഷനിലെ ഭിന്നത സംബന്ധിച്ച റിപ്പോർട്ടുകളും സുപ്രീംകോടതിയിലെ പരാമർശങ്ങളും സ്ഥാപനത്തിന്റെ പ്രവർത്തനരീതിയെക്കുറിച്ചുള്ള സംശയങ്ങൾക്ക് കൂടുതൽ ശക്തി നൽകിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷൻ കേന്ദ്രസർക്കാരിന്റെ ഒരു വകുപ്പല്ല. അത് ഭരണഘടന സൃഷ്ടിച്ച സ്വതന്ത്ര സ്ഥാപനമാണ്. അധികാരത്തിലിരിക്കുന്ന സർക്കാരിനോടോ പ്രതിപക്ഷത്തോടോ അനുകൂലമോ പ്രതികൂലമോ ആയിരിക്കുകയല്ല അതിന്റെ ദൗത്യം. വോട്ടർമാരുടെ വിശ്വാസം സംരക്ഷിക്കുകയും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ നിഷ്പക്ഷത ഉറപ്പാക്കുകയും ചെയ്യുകയാണ് അതിന്റെ അടിസ്ഥാന ഉത്തരവാദിത്തം. വോട്ടർപട്ടികയിൽനിന്ന് ഒരാൾ ഒഴിവാക്കപ്പെടുന്നത് ഒരു സാധാരണ ഭരണനടപടിയല്ല. അത് അയാളുടെ ജനാധിപത്യാവകാശത്തെ നേരിട്ട് ബാധിക്കുന്ന നടപടിയാണ്. അതുകൊണ്ടുതന്നെ എസ്.ഐ.ആർ പോലുള്ള പരിഷ്കാരങ്ങളിൽ സുതാര്യതയും നിയമപരമായ ഉറപ്പും പൊതുവിശ്വാസവും ഏറ്റവും പ്രധാനമാണ്. രേഖകൾ ഹാജരാക്കാൻ കഴിയാത്തതിന്റെ പേരിൽ അർഹരായ ഒരു പൗരനും വോട്ടവകാശം നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാകരുത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനങ്ങളെക്കുറിച്ച് കോടതിയിൽ ചോദ്യങ്ങൾ ഉയരുമ്പോൾ അതിന് പ്രതിരോധത്തിന്റെ ഭാഷയല്ല വേണ്ടത്; രേഖകളോടെയുള്ള വിശദീകരണമാണ് വേണ്ടത്. കമ്മീഷന്റെ തീരുമാനങ്ങൾ നിയമപരമാണെങ്കിൽ അതിന്റെ അടിസ്ഥാനവും നടപടിക്രമവും ജനങ്ങൾക്കുമുന്നിൽ വിശദീകരിക്കാൻ കഴിയണം. സംശയങ്ങൾക്ക് മറുപടി നൽകാനുള്ള ഏറ്റവും ശക്തമായ മാർഗം സുതാര്യത തന്നെയാണ്. പ്രതിപക്ഷ എം.പിമാരെ തടഞ്ഞതുകൊണ്ട് അവരുടെ ചോദ്യങ്ങൾ അവസാനിക്കുന്നില്ല. രാഹുൽ ഗാന്ധി ഉയർത്തിയ പ്ലക്കാർഡോ, അഖിലേഷ് യാദവ്, ഡെറക് ഒബ്രിയൻ, അഭിഷേക് ബാനർജി, പ്രിയങ്ക ഗാന്ധി തുടങ്ങിയ നേതാക്കൾ നടത്തിയ പ്രതിഷേധമോ മാത്രം പ്രശ്നത്തിന്റെ കാതലല്ല. പ്രശ്നം അതിനപ്പുറത്താണ്-ജനങ്ങൾക്ക് അവരുടെ വോട്ട് സുരക്ഷിതമാണെന്ന് വിശ്വസിക്കാനാകുന്നുണ്ടോ എന്നതാണ്. തിരഞ്ഞെടുപ്പിൽ തോൽക്കുന്നവർക്ക് എല്ലാ പരാജയത്തിനും കമ്മീഷനെ കുറ്റപ്പെടുത്താൻ കഴിയില്ല. അതുപോലെ തന്നെ കമ്മീഷനും വിമർശനങ്ങളെ രാഷ്ട്രീയ ആരോപണമെന്നു മാത്രം തള്ളിക്കളയാനാവില്ല. ജനാധിപത്യത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത ഭരണകക്ഷിക്കും പ്രതിപക്ഷത്തിനും ഒരുപോലെ ആവശ്യമാണ്. അതിനാൽ കമ്മീഷനെ സംരക്ഷിക്കേണ്ടത് സർക്കാരിനെ സംരക്ഷിക്കുന്നതുപോലെയല്ല; സ്ഥാപനത്തിന്റെ സ്വാതന്ത്ര്യം സംരക്ഷിക്കുകയാണ്. ഇന്ന് തെരുവിൽ ഉയരുന്ന ‘വോട്ട് ചോർ, ഗദ്ദി ചോഡ്’ പോലുള്ള മുദ്രാവാക്യങ്ങൾ രാഷ്ട്രീയ പ്രതിഷേധത്തിന്റെ ഭാഗമാണ്. എന്നാൽ അതിനപ്പുറം കേൾക്കേണ്ട ഒരു നിശ്ശബ്ദമായ ജനചോദ്യമുണ്ട്: എന്റെ വോട്ട് കൃത്യമായി എണ്ണപ്പെടുമെന്ന വിശ്വാസം എനിക്ക് ഇപ്പോഴും ഉണ്ടോ?. ഈ ചോദ്യത്തിന് ഉത്തരം നൽകേണ്ടത് പ്രതിപക്ഷമല്ല. തിരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്രസർക്കാരുമാണ്. ആരോപണങ്ങൾ തെറ്റാണെങ്കിൽ രേഖകളോടെ അത് തെളിയിക്കണം. വീഴ്ചയുണ്ടെങ്കിൽ തിരുത്തണം. നിയമവിരുദ്ധമായ തീരുമാനങ്ങളുണ്ടെങ്കിൽ അവ പിൻവലിക്കണം. കമ്മീഷനിലെ ഭിന്നതയുണ്ടെങ്കിൽ അത് മറച്ചുവയ്ക്കാതെ സ്ഥാപനത്തിന്റെ കൂട്ടായ ഉത്തരവാദിത്തം ഉറപ്പാക്കണം. ജനാധിപത്യത്തിന്റെ ശക്തി തിരഞ്ഞെടുപ്പിൽ മാത്രം അല്ല; തിരഞ്ഞെടുപ്പ് നടത്തുന്ന സ്ഥാപനത്തിലുള്ള വിശ്വാസത്തിലാണ്. ആ വിശ്വാസം തകർന്നാൽ അഞ്ച് വർഷത്തിലൊരിക്കൽ നടക്കുന്ന വോട്ടെടുപ്പ് പോലും ജനാധിപത്യത്തിന്റെ ഉത്സവമല്ല, സംശയത്തിന്റെ ചടങ്ങായി മാറും. അതുകൊണ്ട് ഇപ്പോൾ വേണ്ടത് ഏറ്റുമുട്ടലല്ല, വിശ്വാസം പുനഃസ്ഥാപിക്കുന്ന നടപടികളാണ്. സുപ്രീംകോടതിയുടെ നിരീക്ഷണങ്ങൾക്കും പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾക്കും ജനങ്ങളിൽ ഉയരുന്ന ആശങ്കകൾക്കും ഭരണഘടനാ സ്ഥാപനത്തിന്റെ അന്തസ്സിന് യോജിച്ച മറുപടി നൽകണം. ബാരിക്കേഡുകൾ മാറ്റിവെച്ച് രേഖകൾ പുറത്തുവയ്ക്കണം. രാഷ്ട്രീയ മുദ്രാവാക്യങ്ങളെക്കാൾ ശക്തമായിരിക്കണം നിയമത്തിന്റെ ഭാഷ. തിരഞ്ഞെടുപ്പ് കമ്മീഷൻ ഒരു സർക്കാരിന്റെയോ ഒരു പാർട്ടിയുടെയോ സ്ഥാപനമല്ല; അത് ഇന്ത്യൻ വോട്ടറുടെ സ്ഥാപനമാണ്. ആ വിശ്വാസം സംരക്ഷിക്കേണ്ട ഉത്തരവാദിത്തത്തിൽ വീഴ്ച വരാൻ പാടില്ല.

You may also like