ബ്യൂണസ് അയേഴ്സ്: ലിയോണൽ മെസി അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് പടിയിറങ്ങിയതോടെ അർജന്റീനയുടെ ഐതിഹാസികമായ പത്താം നമ്പർ ജേഴ്സി ഇനി ആര് അണിയുമെന്ന ആകാംക്ഷയിലാണ് ആരാധകർ. മെസിയുടെ ഓർമയിൽ ജേഴ്സി പിൻവലിക്കാൻ ആഗ്രഹിച്ചാലും ഫിഫയുടെ നിയമം അതിന് അനുവദിക്കുന്നില്ല. അതുകൊണ്ടുതന്നെ മെസി അനശ്വരമാക്കിയ പത്താം നമ്പറിന് പുതിയ അവകാശിയെ കണ്ടെത്തേണ്ട സാഹചര്യമാണുള്ളത്.
ഫിഫയുടെ ഔദ്യോഗിക ടൂർണമെന്റുകളിലെ നിയമമനുസരിച്ച് ടീമിലെ താരങ്ങൾക്ക് 1 മുതൽ 26 വരെയുള്ള ജേഴ്സി നമ്പറുകൾ ക്രമമായി നൽകണം. അതിനാൽ മെസിയോടുള്ള ആദരസൂചകമായി പത്താം നമ്പർ ജേഴ്സി പിൻവലിക്കാൻ അർജന്റീനയ്ക്ക് സാധിക്കില്ല. തുടക്കത്തിൽ പരിശീലകൻ ലിയോണൽ സ്കലോണി പത്താം നമ്പർ ജേഴ്സി ആർക്കും നൽകാതെ മാറ്റിനിർത്തിയിരുന്നെങ്കിലും അത് ശാശ്വതമായി തുടരാനാകില്ല.
ഇതോടെയാണ് അർജന്റീനയുടെ പുതിയ പത്താമനായി 22കാരനായ മധ്യനിര താരം നിക്കോ പാസിന്റെ പേര് ഫുട്ബോൾ ലോകത്ത് ഉയരുന്നത്. നിലവിൽ സീരി എ ക്ലബ്ബായ കോമോയ്ക്കായി മികച്ച പ്രകടനം പുറത്തെടുക്കുന്ന നിക്കോ പാസ് അർജന്റീന ദേശീയ ടീമിലും തന്റെ സാന്നിധ്യം ഇതിനകം ഉറപ്പിച്ചിട്ടുണ്ട്.
മിന്നുന്ന ഡ്രിബ്ലിംഗും ഡിഫൻസീവ് ലൈനുകൾക്കിടയിലൂടെ പന്ത് ബോക്സിലെത്തിക്കാനുള്ള അസാധാരണ കഴിവുമാണ് നിക്കോ പാസിനെ വേറിട്ടുനിർത്തുന്നത്. ബൊളീവിയ, ബുർക്കിന ഫാസോ എന്നിവർക്കെതിരായ മത്സരങ്ങളിൽ തുടർച്ചയായി ഗോൾ നേടി താരം തന്റെ മികവ് തെളിയിച്ചിരുന്നു. മെസിയുടെ വിടവാങ്ങൽ മത്സരത്തിൽ നിക്കോ പാസ് നേടിയ മഴവിൽ ഗോളിന് വഴിയൊരുക്കിയതും മെസി തന്നെയായിരുന്നു.
ഒരു തലമുറ അടുത്ത തലമുറയ്ക്ക് ബാറ്റൺ കൈമാറുന്നതിന്റെ സൂചനയായാണ് ആരാധകർ ആ നിമിഷത്തെ വിലയിരുത്തുന്നത്. നിക്കോ പാസിന്റെ പേര് ശക്തമായി ഉയർന്നുവരുന്നുണ്ടെങ്കിലും മെസിയുടെ ഐക്കണിക് പത്താം നമ്പർ ജേഴ്സി ഔദ്യോഗികമായി ആർക്കാണ് നൽകുകയെന്ന കാര്യത്തിൽ അർജന്റീന ഫുട്ബോൾ അസോസിയേഷൻ ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ല.
