Home Keralaഇടുക്കിയില്‍ 18 കാരിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം പെട്രോള്‍ ഒഴിച്ച് കത്തിച്ചു; 19 കാരന്‍ പിടിയില്‍

ഇടുക്കിയില്‍ 18 കാരിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം പെട്രോള്‍ ഒഴിച്ച് കത്തിച്ചു; 19 കാരന്‍ പിടിയില്‍

by news_desk1
0 comments

ഇടുക്കി: വിവാഹത്തെച്ചൊല്ലിയുള്ള തർക്കം കൊലപാതകത്തിൽ കലാശിച്ചെന്ന് പ്രാഥമിക നിഗമനം. ഇടുക്കിയിലെ പാമ്പ്‌ല ചെക്ക് പോസ്റ്റിന് സമീപം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ 18കാരിയുടെ മൃതദേഹം തമിഴ്‌നാട് സ്വദേശിനിയുടേതാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് സംഭവം കൊലപാതകമാണെന്ന സംശയം ശക്തമായത്. സംഭവത്തിൽ പെൺകുട്ടിയുടെ സുഹൃത്തായ രാജാക്കാട് സ്വദേശി നിഷാന്ത് (19) പിടിയിലായി. പെൺകുട്ടിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മുഖത്ത് കല്ലുകൊണ്ട് അടിക്കുകയും പെട്രോൾ ഒഴിച്ച് മൃതദേഹം കത്തിക്കുകയും ചെയ്തെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തൽ.

കഴിഞ്ഞ ദിവസമാണ് പാമ്പ്‌ല ചെക്ക് പോസ്റ്റിന് സമീപം കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. മരണത്തിൽ ദുരൂഹത തോന്നിയതിനെത്തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയെ തിരിച്ചറിഞ്ഞതും നിഷാന്തിലേക്ക് അന്വേഷണം എത്തിയതും. ഇരുവരും പ്രണയത്തിലായിരുന്നുവെന്നും വിവാഹത്തെച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിന് കാരണമായതെന്നുമാണ് പ്രാഥമിക വിവരം.

പെൺകുട്ടിയെ ഇടുക്കിയിലേക്ക് വിളിച്ചുവരുത്തിയത് നിഷാന്താണെന്നാണ് ബന്ധുക്കൾ പറയുന്നത്. ഇരുവരും തമ്മിൽ ആദ്യം വാക്കുതർക്കമുണ്ടായെന്നും പിന്നാലെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്നുമാണ് പൊലീസിന്റെ സംശയം. മരണം ഉറപ്പാക്കാൻ മുഖത്ത് കല്ലുകൊണ്ട് പലതവണ അടിച്ചശേഷം പെട്രോൾ ഒഴിച്ച് മൃതദേഹം കത്തിച്ചെന്നാണ് അന്വേഷണത്തിൽ ലഭിച്ച വിവരം.

രാജാക്കാട്, ബൈസൺവാലി തുടങ്ങിയ പ്രദേശങ്ങളിലെ തോട്ടം മേഖലകളിൽ ജോലി ചെയ്താണ് നിഷാന്ത് ജീവിച്ചിരുന്നതെന്നാണ് വിവരം. ഇരുവരും ഏഴാം ക്ലാസ് മുതൽ ഒരുമിച്ച് പഠിച്ചവരാണെന്നും അന്നുമുതൽ സൗഹൃദമുണ്ടായിരുന്നെന്നും ബന്ധുക്കൾ പറയുന്നു.

ബന്ധത്തിൽനിന്ന് പിന്മാറുന്നതുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ ഭാഗത്തുനിന്ന് പൊലീസിൽ ഉൾപ്പെടെ പരാതികൾ നൽകിയിരുന്നുവെന്നും ബന്ധുക്കൾ ആരോപിക്കുന്നു. നിഷാന്ത് ഫോണിലൂടെ പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നതായും അവർ പറയുന്നു. ഈ പരാതികളുമായി ബന്ധപ്പെട്ട വിവരങ്ങളും കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യങ്ങളും അന്വേഷണ സംഘം പരിശോധിച്ചുവരികയാണ്.

പെൺകുട്ടിയുടെ ബന്ധുക്കൾ ഇടുക്കി മെഡിക്കൽ കോളേജിലെത്തിയിട്ടുണ്ട്. മൃതദേഹത്തിന്റെ പോസ്റ്റ്‌മോർട്ടം ഉൾപ്പെടെയുള്ള നടപടികൾ പുരോഗമിക്കുകയാണ്.

You may also like