റിയാദ്: സൗദി അറേബ്യയിലെ നജ്റാൻ പ്രവിശ്യയിൽ നാഷണൽ ഗാർഡിന്റെ എച്ച്-6ഐ നിരീക്ഷണ ഹെലികോപ്റ്റർ തകർന്നുവീണ് രണ്ട് ഉദ്യോഗസ്ഥർ മരിച്ചു. സാങ്കേതിക തകരാറാണ് അപകടകാരണമെന്നാണ് സൗദി നേതൃത്വത്തിലുള്ള സഖ്യസേനയുടെ വിശദീകരണം. അതേസമയം, ഹെലികോപ്റ്റർ വെടിവച്ചിട്ടതാണെന്ന അവകാശവാദവുമായി ഹൂതി വിമതരും രംഗത്തെത്തി.
സൗദി അറേബ്യയുടെ തെക്കുപടിഞ്ഞാറൻ അതിർത്തി മേഖലയിലാണ് അപകടമുണ്ടായതെന്ന് സഖ്യസേനാ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലികി അറിയിച്ചു. അപകടത്തിൽ രണ്ട് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടതായും അദ്ദേഹം സ്ഥിരീകരിച്ചു. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു.
എന്നാൽ, നജ്റാൻ അതിർത്തിക്ക് സമീപം സൗദി ഹെലികോപ്റ്റർ വെടിവച്ചിട്ടതാണെന്ന് ഇറാൻ പിന്തുണയുള്ള ഹൂതി വിമതരുടെ സൈനിക വക്താവ് യഹ്യ സരീ അവകാശപ്പെട്ടു. ഈ വാദം സൗദി സഖ്യസേന തള്ളി. ഹൂതികൾ തെറ്റായ പ്രചാരണം നടത്തുകയാണെന്ന് തുർക്കി അൽ മാലികി വ്യക്തമാക്കി.
