പത്തനംതിട്ട: ശബരിമല അയ്യപ്പക്ഷേത്രത്തിലെ പുതിയ മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ തെരഞ്ഞെടുത്തു. മാളികപ്പുറം ക്ഷേത്രത്തിലെ മേൽശാന്തിയായി എ. ദാമോദരൻ നമ്പൂതിരിയെയും നറുക്കെടുപ്പിലൂടെ തീരുമാനിച്ചു.
തിരുവനന്തപുരം പുളിമൂട് സ്വദേശിയായ ശങ്കരൻ നമ്പൂതിരി നിലവിൽ പഴവങ്ങാടി ക്ഷേത്രത്തിലെ മേൽശാന്തിയാണ്. ശബരിമല മേൽശാന്തി സ്ഥാനത്തേക്ക് അഞ്ചുതവണ അപേക്ഷിച്ച ഇദ്ദേഹം മൂന്നുതവണ ചുരുക്കപ്പട്ടികയിൽ ഇടം നേടിയിരുന്നു. മേൽശാന്തിയായി തെരഞ്ഞെടുക്കപ്പെട്ടതിൽ സന്തോഷമുണ്ടെന്നും പ്രതീക്ഷയുണ്ടായിരുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു.
കോഴിക്കോട് വടകര സ്വദേശിയായ എ. ദാമോദരൻ നമ്പൂതിരി നിലവിൽ പയ്യോളി കീഴൂർ ശിവക്ഷേത്രത്തിലെ മേൽശാന്തിയാണ്.
ശബരിമല സന്നിധാനത്ത് തന്ത്രിമാരുടെയും ദേവസ്വം ബോർഡ് ഭാരവാഹികളുടെയും സാന്നിധ്യത്തിലായിരുന്നു നറുക്കെടുപ്പ്. പന്തളം കൊട്ടാരത്തിൽനിന്നുള്ള കുട്ടിയാണ് നറുക്കെടുത്തത്. വൃശ്ചികം ഒന്നിന് മണ്ഡല-മകരവിളക്ക് മഹോത്സവത്തിനായി ക്ഷേത്രനട തുറക്കുമ്പോൾ പുതിയ മേൽശാന്തിമാർ ചുമതലയേൽക്കും.
