Home Keralaയുദ്ധപ്രതിസന്ധിയുടെ ആഘാതം നെല്ലെടുപ്പിലും; പുതിയ ചാക്കിന് 15 രൂപ, കർഷകർക്ക് ചെലവേറും

യുദ്ധപ്രതിസന്ധിയുടെ ആഘാതം നെല്ലെടുപ്പിലും; പുതിയ ചാക്കിന് 15 രൂപ, കർഷകർക്ക് ചെലവേറും

by news_desk1
0 comments

പാലക്കാട്: യുദ്ധപ്രതിസന്ധി നെല്ലെടുപ്പിനുള്ള പ്ലാസ്റ്റിക് ചാക്കുകളുടെ വിലയിലും പ്രതിഫലിക്കുന്നു. പുതിയ ചാക്കിന് വില 15 രൂപയായതോടെ നെൽക്കർഷകരുടെ ചെലവ് വർധിച്ചു. കൊയ്ത്ത് സജീവമാകുന്നതോടെ വില വീണ്ടും ഉയരുമെന്ന ആശങ്കയും ശക്തമാണ്. കഴിഞ്ഞവർഷം 13–14 രൂപയായിരുന്ന പുതിയ ചാക്കിന്റെ വിലയാണ് ഇപ്പോൾ 15 രൂപയിലെത്തിയത്. പഴയ ചാക്കിനും വില വർധിച്ച് 12 രൂപയായി.

നെല്ല് സംഭരിക്കാൻ ഭൂരിഭാഗം കർഷകരും പ്ലാസ്റ്റിക് ചാക്കുകളെയാണ് ആശ്രയിക്കുന്നത്. ഓരോ സീസണിലും മൊത്തക്കച്ചവടക്കാരിൽനിന്ന് ചാക്കുകൾ വാങ്ങുകയാണ് പതിവ്. യുദ്ധപ്രതിസന്ധിയെ തുടർന്ന് പ്ലാസ്റ്റിക് ചാക്ക് നിർമാണത്തിനാവശ്യമായ അസംസ്കൃത വസ്തുക്കളുടെ ലഭ്യത കുറഞ്ഞതാണ് വിലക്കയറ്റത്തിന് കാരണമായി പറയുന്നത്.

ഒരു ചാക്കിൽ പരമാവധി 50–55 കിലോ നെല്ലാണ് നിറയ്ക്കുക. 100 കിലോ നെല്ല് നിറയ്ക്കാൻ രണ്ട് ചാക്ക് വേണം. ഇതിനായി പുതിയ ചാക്ക് വാങ്ങാൻ മാത്രം 30 രൂപ ചെലവാകും. എന്നാൽ 100 കിലോ നെല്ലിന്റെ കൈകാര്യച്ചെലവായി കർഷകർക്ക് ആകെ ലഭിക്കുന്നത് 12 രൂപയാണ്. ചാക്ക് വാങ്ങുന്നതിനുള്ള ചെലവുപോലും ഈ തുകകൊണ്ട് നികത്താനാകാത്ത സ്ഥിതിയാണ്.

നെല്ല് സംഭരിക്കുന്നതിനാവശ്യമായ ചാക്കുകൾ മില്ലുകൾ കർഷകർക്ക് ലഭ്യമാക്കണമെന്നാണ് വ്യവസ്ഥ. എന്നാൽ ഇത് പലപ്പോഴും പാലിക്കപ്പെടുന്നില്ല. ഗുണമേന്മയുള്ള ചണച്ചാക്കുകളും ലഭ്യമാകാത്ത സാഹചര്യത്തിലാണ് കർഷകർ പ്ലാസ്റ്റിക് ചാക്കുകളെ ആശ്രയിക്കുന്നത്. ഇതിനുപുറമേ ചാക്കിന്റെ വിലയും ഉയരുന്നത് നെൽക്കർഷകരുടെ സാമ്പത്തിക ബാധ്യത വർധിപ്പിക്കുകയാണ്.

You may also like