ഒറ്റപ്പാലം: മൂന്നാറിലേക്കുള്ള വിനോദയാത്രയ്ക്കിടെ ടൂറിസ്റ്റ് ബസിന് തീപിടിച്ച് പൂർണമായും കത്തിനശിച്ചു. ഒറ്റപ്പാലം വരോട് കെപിഎസ്എംഎം സ്കൂളിലെ വൊക്കേഷനൽ ഹയർസെക്കൻഡറി വിഭാഗം വിദ്യാർഥികളുമായി പോയ ബസാണ് അപകടത്തിൽപ്പെട്ടത്. ബസിലുണ്ടായിരുന്ന 45 വിദ്യാർഥികളും മൂന്ന് അധ്യാപകരും ഒരു രക്ഷിതാവും ഉൾപ്പെടെ 49 പേരും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.
കൊടൈക്കനാൽ സന്ദർശിച്ചശേഷം മൂന്നാറിലേക്ക് പോകുന്നതിനിടെ തമിഴ്നാട്ടിലെ തേനി ജില്ലയിൽ ദേവനപ്പട്ടിക്ക് സമീപമായിരുന്നു അപകടം. യാത്രയ്ക്കിടെ ബസിന്റെ പിന്നിലെ ടയറുകളിലൊന്ന് പൊട്ടുകയായിരുന്നു. ടയറിനുള്ളിൽനിന്ന് തീയും പുകയും പടർന്നാണ് ബസിന് തീപിടിച്ചതെന്ന് അധ്യാപകർ പറഞ്ഞു.
ടയർ പൊട്ടിയ ഉടൻ വിദ്യാർഥികളെ ബസിൽനിന്ന് പുറത്തിറക്കിയതിനാൽ വൻ ദുരന്തം ഒഴിവായി. യാത്രക്കാരുടെ ഏതാനും ബാഗുകൾ തീപിടിത്തത്തിൽ കത്തിനശിച്ചു. വിദ്യാർഥികളും അധ്യാപകരും സുരക്ഷിതരാണെന്നാണ് വിവരം.
