മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ വധവുമായി ബന്ധപ്പെട്ട് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉന്നയിച്ച ആരോപണം കേവലമൊരു രാഷ്ട്രീയ പ്രസ്താവനയായി തള്ളിക്കളയാനാവില്ല. പിതാവിന്റെ സുരക്ഷ മനഃപൂർവം പിൻവലിച്ചുവെന്നും അതിനു പിന്നിൽ പ്രത്യേക ലക്ഷ്യങ്ങളുണ്ടായിരുന്നുവെന്നുമുള്ള ആരോപണം രാജ്യത്തിന്റെ സുരക്ഷാ സംവിധാനത്തെയും ഭരണകൂടത്തിന്റെ ഉത്തരവാദിത്വത്തെയും പ്രതിക്കൂട്ടിലാക്കുന്നതാണ്. ആരോപണത്തിന്റെ ഗൗരവം കണക്കിലെടുക്കുമ്പോൾ അതിന് വസ്തുനിഷ്ഠമായ മറുപടി നൽകേണ്ട ബാധ്യത ഭരണകൂടത്തിനുണ്ട്. അതേസമയം, ആരോപണങ്ങളെ തെളിവുകളുടെ അടിസ്ഥാനത്തിൽ പരിശോധിക്കുകയെന്നതും അനിവാര്യമാണ്. പ്രധാനമന്ത്രി പദം ഒഴിഞ്ഞതിനു പിന്നാലെ രാജീവ് ഗാന്ധിയുടെ എസ്.പി.ജി സുരക്ഷ അവസാനിപ്പിച്ചത് 1989ൽ അധികാരത്തിലെത്തിയ വി.പി. സിങ് സർക്കാരിന്റെ കാലത്താണ്. അന്നത്തെ നിയമവ്യവസ്ഥ പ്രകാരം പ്രധാനമന്ത്രിക്കു മാത്രമായിരുന്നു എസ്.പി.ജി പരിരക്ഷ. മുൻ പ്രധാനമന്ത്രിമാർക്ക് ഈ സുരക്ഷ നൽകാനുള്ള വ്യവസ്ഥയില്ലെന്നായിരുന്നു സർക്കാരിന്റെ വിശദീകരണം. എന്നാൽ നിയമത്തിലെ വ്യവസ്ഥകൾ ചൂണ്ടിക്കാട്ടി ഭരണകൂടത്തിന് ഉത്തരവാദിത്വത്തിൽനിന്ന് ഒഴിഞ്ഞുമാറാനാകുമോ? സുരക്ഷാഭീഷണി നേരിടുന്ന വ്യക്തിക്ക് ആവശ്യമായ ബദൽ സുരക്ഷ ഉറപ്പാക്കിയിരുന്നോ? ഭീഷണികളുടെ ഗൗരവം അന്നത്തെ അധികാരികൾ വിലയിരുത്തിയിരുന്നോ? ഈ ചോദ്യങ്ങൾക്കാണ് ഉത്തരം വേണ്ടത്. ബിഹാറിലെ രാഷ്ട്രീയ പര്യടനത്തിനിടെ രാജീവ് ഗാന്ധിക്കുനേരെയുണ്ടായ കല്ലേറും സുരക്ഷാ ക്രമീകരണങ്ങളിലെ അപര്യാപ്തതയും കുടുംബത്തെ ആശങ്കപ്പെടുത്തിയിരുന്നുവെന്നാണ് രാഹുലും സോണിയ ഗാന്ധിയും പങ്കുവെച്ച ഓർമകൾ സൂചിപ്പിക്കുന്നത്. പിതാവിന്റെ സുരക്ഷ ഉറപ്പാക്കിയില്ലെങ്കിൽ അദ്ദേഹത്തിന്റെ ശവസംസ്കാരത്തിന് മടങ്ങിവരേണ്ടിവരുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന രാഹുലിന്റെ വെളിപ്പെടുത്തൽ ഈ വിഷയത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു. 1991 മേയ് 21ന് ശ്രീപെരുമ്പത്തൂരിൽ ചാവേർ ആക്രമണത്തിൽ രാജീവ് ഗാന്ധി കൊല്ലപ്പെട്ടതോടെ സുരക്ഷാ വീഴ്ചകളെക്കുറിച്ചുള്ള ചോദ്യങ്ങൾ ചരിത്രത്തിന്റെ ഭാഗമായെങ്കിലും അവയ്ക്കെല്ലാം കൃത്യമായ മറുപടി ലഭിച്ചുവെന്ന് ഉറപ്പിക്കാനാവില്ല. സുരക്ഷ പിൻവലിച്ചത് കൊലപാതകത്തിന് സാഹചര്യമൊരുക്കാനുള്ള ആസൂത്രിത നീക്കമായിരുന്നുവെന്ന ആരോപണം അതീവ ഗൗരവമുള്ളതാണ്. അത്തരമൊരു നിഗമനത്തിലെത്താൻ തെളിവുകൾ ആവശ്യമാണ്. എന്നാൽ അതുകൊണ്ട് സുരക്ഷാ തീരുമാനങ്ങളിലെ വീഴ്ചകളെക്കുറിച്ചുള്ള പരിശോധന ഒഴിവാക്കാനാവില്ല. ഭീഷണികളെക്കുറിച്ച് മുന്നറിയിപ്പുകൾ ലഭിച്ചിരുന്നോ, ലഭിച്ചിരുന്നെങ്കിൽ എന്തു നടപടികളെടുത്തു, സുരക്ഷാ ക്രമീകരണങ്ങൾ ആരാണ് വിലയിരുത്തിയത്, വീഴ്ചയുണ്ടായെങ്കിൽ അതിന് ഉത്തരവാദികളാര് — ഇതിനെല്ലാം രേഖകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിൽ മറുപടി ലഭിക്കണം. രാജീവ് ഗാന്ധിയുടെ വധത്തിനുശേഷമാണ് മുൻ പ്രധാനമന്ത്രിമാർക്കും കുടുംബാംഗങ്ങൾക്കും സുരക്ഷ ഉറപ്പാക്കുന്ന തരത്തിൽ എസ്.പി.ജി നിയമത്തിൽ മാറ്റങ്ങൾ കൊണ്ടുവന്നത്. ഒരു ദുരന്തം സംഭവിച്ചതിനുശേഷം മാത്രം സുരക്ഷാ സംവിധാനത്തിലെ പോരായ്മകൾ തിരുത്തുന്ന ഭരണരീതി ജനാധിപത്യത്തിന് ചേർന്നതല്ല. രാഷ്ട്രീയ അധികാരമാറ്റങ്ങൾക്കനുസരിച്ച് സുരക്ഷാ മാനദണ്ഡങ്ങൾ മാറുകയോ വ്യക്തികളുടെ ജീവൻ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം ദുർബലമാകുകയോ ചെയ്യരുത്. രാജീവ് ഗാന്ധിയുടെ വധം ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിലെ മായാത്ത മുറിവാണ്. ആ ദുരന്തത്തെ രാഷ്ട്രീയ ആരോപണങ്ങളുടെ ആയുധമാക്കുന്നതിനു പകരം അതുമായി ബന്ധപ്പെട്ട് അവശേഷിക്കുന്ന ചോദ്യങ്ങൾക്ക് സത്യസന്ധമായ മറുപടി കണ്ടെത്തുകയാണ് വേണ്ടത്. സുരക്ഷ പിൻവലിച്ച സാഹചര്യങ്ങളും അന്നത്തെ ഭീഷണി വിലയിരുത്തലുകളും ബന്ധപ്പെട്ട അധികാരികളുടെ തീരുമാനങ്ങളും സമഗ്രമായ പരിശോധനയ്ക്ക് വിധേയമാകണം. ആരോപണം ശരിയാണോ തെറ്റാണോ എന്ന് തീരുമാനിക്കേണ്ടത് രാഷ്ട്രീയ വാദപ്രതിവാദങ്ങളല്ല, വസ്തുതകളും തെളിവുകളുമാണ്. രാജ്യത്തിന്റെ പരമോന്നത പദവിയിലിരുന്ന ഒരാളുടെ ജീവൻ സംരക്ഷിക്കുന്നതിൽ സംഭവിച്ച വീഴ്ചകളെക്കുറിച്ച് ചോദ്യങ്ങൾ ഉയരുമ്പോൾ മൗനമല്ല, വ്യക്തമായ മറുപടിയാണ് ജനാധിപത്യം ആവശ്യപ്പെടുന്നത്.
8
