Home Internationalബാങ്കുകളെ കബളിപ്പിച്ചു, അമേരിക്കൻ സാങ്കേതികവിദ്യകൾ ചോർത്തി; ചൈനീസ് ഭീമൻ വാവെയ് 10 കുറ്റങ്ങളിൽ കുറ്റക്കാരൻ

ബാങ്കുകളെ കബളിപ്പിച്ചു, അമേരിക്കൻ സാങ്കേതികവിദ്യകൾ ചോർത്തി; ചൈനീസ് ഭീമൻ വാവെയ് 10 കുറ്റങ്ങളിൽ കുറ്റക്കാരൻ

by news_desk1
0 comments

ന്യൂയോർക്ക്: ഇറാനിലെ ബിസിനസ് ഇടപാടുകളുമായി ബന്ധപ്പെട്ട് ബാങ്കുകളെ തെറ്റിദ്ധരിപ്പിക്കുകയും അമേരിക്കൻ കമ്പനികളുടെ വ്യാപാര രഹസ്യങ്ങൾ മോഷ്ടിക്കുകയും ചെയ്ത കേസിൽ ചൈനീസ് ടെലികോം ഭീമനായ വാവെയ് (ഹുവായ്) കുറ്റക്കാരനെന്ന് യുഎസ് കോടതി. കമ്പനിക്കെതിരെ ചുമത്തിയ 12 കുറ്റങ്ങളിൽ പത്തിലും കുറ്റം തെളിഞ്ഞതായി ബ്രൂക്ലിൻ ഫെഡറൽ കോടതിയിലെ ജൂറി വിധിച്ചു. ബാങ്ക് തട്ടിപ്പ്, സാങ്കേതിക തട്ടിപ്പ്, ഉപരോധ ലംഘനം, വ്യാപാര രഹസ്യങ്ങൾ മോഷ്ടിക്കാൻ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളിലാണ് വിധി.

അതേസമയം, സംഘടിത കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടെന്നതും നീതിന്യായ നടപടികൾ തടസ്സപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്നതുമായ രണ്ട് കുറ്റങ്ങളിൽ കമ്പനിയ്ക്ക് കോടതി ആശ്വാസം നൽകി. രണ്ടുമാസത്തിലേറെ നീണ്ട വിചാരണയ്ക്കൊടുവിലാണ് വിധി. 2027 സെപ്റ്റംബർ 14ന് യുഎസ് ഡിസ്ട്രിക്ട് ജഡ്ജി ആൻ ഡോണലി ശിക്ഷ വിധിക്കും. വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് വാവെയ് അറിയിച്ചു.

2018ലാണ് കേസിന് ആസ്പദമായ സംഭവങ്ങൾ ആരംഭിക്കുന്നത്. വാവെയ് സ്ഥാപകന്റെ മകളും കമ്പനിയുടെ ചീഫ് ഫിനാൻഷ്യൽ ഓഫീസറുമായ മെങ് വാൻഷൗവിനെ യുഎസ് വാറന്റിന്റെ അടിസ്ഥാനത്തിൽ കാനഡയിൽ തടഞ്ഞുവച്ചിരുന്നു. സംഭവം അമേരിക്കയും ചൈനയും കാനഡയും തമ്മിൽ വലിയ നയതന്ത്ര പ്രതിസന്ധിക്ക് വഴിവച്ചു. അമേരിക്കൻ ഉപരോധം മറികടന്ന് ഇറാനിലേക്ക് പണമിടപാട് നടത്തുന്നതിനായി എച്ച്എസ്ബിസി ബാങ്ക് ഉദ്യോഗസ്ഥനെ തെറ്റിദ്ധരിപ്പിച്ചെന്നായിരുന്നു മെങ്ങിനെതിരായ ആരോപണം. മൂന്നുവർഷത്തോളം നീണ്ട നിയമപോരാട്ടത്തിനൊടുവിൽ യുഎസ് പ്രോസിക്യൂഷനുമായി ധാരണയിലെത്തിയ മെങ് ചൈനയിലേക്ക് മടങ്ങി. പിന്നാലെ അവർക്കെതിരായ കുറ്റങ്ങളും ഒഴിവാക്കി.

എച്ച്എസ്ബിസി, സ്റ്റാൻഡേർഡ് ചാർട്ടേഡ്, ബിഎൻപി പാരിബാസ് എന്നീ ബാങ്കുകളെ ഇറാനിലെ ഇടപാടുകളെക്കുറിച്ച് വാവെയ് തെറ്റിദ്ധരിപ്പിച്ചെന്നായിരുന്നു 2018ലെ കുറ്റപത്രത്തിലെ പ്രധാന ആരോപണം. 2020ൽ അമേരിക്കൻ കമ്പനികളുടെ സാങ്കേതികവിദ്യകൾ മോഷ്ടിച്ചെന്ന ആരോപണവും കേസിൽ ഉൾപ്പെടുത്തി.

റൗട്ടറുകൾ നിർമിക്കുന്നതിനായി സിസ്കോ സിസ്റ്റംസിന്റെ സോഴ്സ് കോഡ് മോഷ്ടിച്ചെന്നും വയർലെസ് ടെലികോം കമ്പനിയായ ക്വിന്റലിന്റെ ആന്റിന സാങ്കേതികവിദ്യ ചോർത്തിയെന്നും സെമികണ്ടക്ടർ കമ്പനിയായ സിനെക്സ് വികസിപ്പിച്ച സർക്യൂട്ട് ബോർഡിന്റെ വിവരങ്ങൾ ശേഖരിക്കാൻ ഒരു പ്രൊഫസറെ നിയോഗിച്ചെന്നുമായിരുന്നു പ്രോസിക്യൂഷന്റെ പ്രധാന വാദങ്ങൾ.

ഇതിനുപുറമെ, ടി-മൊബൈലിന്റെ പരിശോധനാ റോബോട്ടിന്റെ ഭാഗം വാവെയ് ജീവനക്കാരൻ ബാഗിലാക്കി കടത്തുന്നതിന്റെ ദൃശ്യങ്ങളും വ്യാപാരമേളയ്ക്കിടെ ഫുജിറ്റ്സുവിന്റെ സ്റ്റാളിൽ അതിക്രമിച്ചുകയറി ഉപകരണത്തിന്റെ ചിത്രങ്ങൾ പകർത്തിയ സംഭവവും തെളിവായി കോടതിയിൽ ഹാജരാക്കി.

എന്നാൽ ഇറാനിലെ ബിസിനസ് ഇടപാടുകളെക്കുറിച്ച് ബാങ്കുകൾക്ക് വ്യക്തമായ അറിവുണ്ടായിരുന്നുവെന്നാണ് വാവെയുടെ വാദം. കഠിനാധ്വാനത്തിലൂടെയും ഗവേഷണത്തിലൂടെയുമാണ് കമ്പനി വളർന്നതെന്നും അഭിഭാഷകൻ ബ്രയാൻ ഹെബർലിഗ് കോടതിയിൽ വാദിച്ചു.

2019ൽ അമേരിക്കൻ സർക്കാർ വാവെയെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തി യുഎസ് സാങ്കേതികവിദ്യകളിലേക്കുള്ള പ്രവേശനം തടഞ്ഞിരുന്നു. എന്നാൽ നിർമിതബുദ്ധി ഉൾപ്പെടെയുള്ള മേഖലകളിലേക്ക് പ്രവർത്തനം വ്യാപിപ്പിച്ച് കമ്പനി മുന്നേറുകയാണ്. നിലവിൽ 170ലധികം രാജ്യങ്ങളിലായി രണ്ടുലക്ഷത്തിലധികം ജീവനക്കാരാണ് വാവെയ്ക്കുള്ളത്

You may also like