മാക്കുട്ടി റാവുത്തറുടെ മരണം ആരോഗ്യസംവിധാനത്തിന്റെ ഗുരുതരമായ പരാജയം തുറന്നുകാട്ടുന്നു
തൃശൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലെ ശുചിമുറിയിൽ 77കാരനായ മാക്കുട്ടി റാവുത്തർ മരിച്ചുകിടന്നത് ഏകദേശം 36 മണിക്കൂറോളം ആരും അറിഞ്ഞില്ലെന്നത് കേവലമായ അനാസ്ഥയല്ല; പൊതുജനാരോഗ്യ സംവിധാനത്തിന്റെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുന്ന ഗുരുതരമായ സംഭവമാണ്. ചികിത്സ തേടിയെത്തിയ ഒരാൾ ആശുപത്രിക്കുള്ളിൽ മരിച്ചുകിടക്കുകയും ഒന്നര ദിവസത്തോളം അത് ആരുടെയും ശ്രദ്ധയിൽപ്പെടാതിരിക്കുകയും ചെയ്തെങ്കിൽ, ആ സംവിധാനത്തിന്റെ സുരക്ഷാ സംവിധാനങ്ങളും ഉത്തരവാദിത്തബോധവും എത്രത്തോളം തകർന്നുവെന്ന് പരിശോധിക്കേണ്ടതുണ്ട്. നവംബർ 16ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച മാക്കുട്ടി റാവുത്തറെ 19ന് വാർഡിൽനിന്ന് കാണാതായി. 21നാണ് വാർഡിനോടു ചേർന്ന ശുചിമുറിയിൽ മൃതദേഹം കണ്ടെത്തിയത്. മരണത്തിന് ഏകദേശം 36 മണിക്കൂർ പിന്നിട്ടിരുന്നുവെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ കണ്ടെത്തൽ. അതായത്, രോഗിയെ കാണാതായ വിവരം ആശുപത്രി അധികൃതർ അറിഞ്ഞിട്ടും മൃതദേഹം കണ്ടെത്താൻ വൈകി. ആശുപത്രിക്കുള്ളിലെ ശുചിമുറിയിൽ ഒരാൾ മരിച്ചുകിടന്നിട്ടും ഇത്രയും നേരം ആരും അറിഞ്ഞില്ലെന്നത് എങ്ങനെയാണ് വിശദീകരിക്കുക? ദിവസവും ശുചിമുറി വൃത്തിയാക്കുന്നുണ്ടെന്നും നവംബർ 20നും ശുചീകരണം നടത്തിയെന്നുമാണ് ആശുപത്രി സൂപ്രണ്ടിന്റെ വിശദീകരണം. ഈ വാദവും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ സമയനിർണയവും തമ്മിലുള്ള വൈരുദ്ധ്യം അതീവ ഗൗരവത്തോടെ പരിശോധിക്കണം. ശുചിമുറി വൃത്തിയാക്കിയിട്ടും മൃതദേഹം ശ്രദ്ധയിൽപ്പെട്ടില്ലെങ്കിൽ അതെങ്ങനെ സംഭവിച്ചു? ശുചീകരണം നടന്നിട്ടില്ലെങ്കിൽ രേഖകളിൽ എന്താണ് രേഖപ്പെടുത്തിയിരിക്കുന്നത്? ഇതിന് വ്യക്തമായ മറുപടി ലഭിക്കണം. സിസിടിവി ദൃശ്യങ്ങൾ, ശുചീകരണ രേഖകൾ, ഡ്യൂട്ടി രജിസ്റ്ററുകൾ, ജീവനക്കാരുടെ മൊഴികൾ എന്നിവ പരിശോധിച്ച് യഥാർഥ വീഴ്ച പുറത്തുകൊണ്ടുവരണം. ഈ സംഭവത്തെ ശുചീകരണ ജീവനക്കാരുടെ മാത്രം വീഴ്ചയായി ചുരുക്കുന്നത് യഥാർഥ ഉത്തരവാദിത്തത്തിൽനിന്നുള്ള ഒളിച്ചോട്ടമാകും. വാർഡിൽനിന്ന് രോഗി പുറത്തുപോയത് ആരും ശ്രദ്ധിക്കാതിരുന്നതെന്തുകൊണ്ട്? കാണാതായ വിവരം അറിഞ്ഞശേഷം ആശുപത്രി നടത്തിയ തിരച്ചിൽ എത്രത്തോളം കാര്യക്ഷമമായിരുന്നു? ആശുപത്രിക്കുള്ളിലെ നിരീക്ഷണ സംവിധാനങ്ങൾ എന്തുകൊണ്ട് പരാജയപ്പെട്ടു? രോഗിയുടെ സാന്നിധ്യം ഉറപ്പാക്കേണ്ട വാർഡ് അധികൃതർക്കും നഴ്സിങ് സംവിധാനത്തിനും എന്തായിരുന്നു ഉത്തരവാദിത്തം? ഈ ചോദ്യങ്ങൾക്കെല്ലാം ഉത്തരം കണ്ടെത്തണം. കൂട്ടിരിപ്പുകാരില്ലാതെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്ന രോഗികൾക്ക് പ്രത്യേക പരിഗണനയും നിരീക്ഷണവും ഉറപ്പാക്കേണ്ടത് ആരോഗ്യസംവിധാനത്തിന്റെ ബാധ്യതയാണ്. രോഗികളുടെ ബാഹുല്യവും ജീവനക്കാരുടെ കുറവും സർക്കാർ ആശുപത്രികളിലെ യാഥാർഥ്യങ്ങളാണ്. എന്നാൽ, ഇതൊന്നും രോഗിയുടെ സുരക്ഷ ഉറപ്പാക്കുന്നതിലെ വീഴ്ചകൾക്ക് ന്യായീകരണമാകില്ല. ഓരോ വാർഡിലും രോഗികളുടെ സാന്നിധ്യം കൃത്യമായ ഇടവേളകളിൽ പരിശോധിക്കാനും കാണാതാകുന്ന സാഹചര്യം ഉടൻ റിപ്പോർട്ട് ചെയ്യാനും സംവിധാനമുണ്ടാകണം. കൂട്ടിരിപ്പുകാരില്ലാത്ത രോഗികളുടെ കാര്യത്തിൽ ജീവനക്കാരുടെ ഉത്തരവാദിത്തം വ്യക്തമായി നിർവചിക്കണം. ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചതുകൊണ്ടുമാത്രം സർക്കാർ ഉത്തരവാദിത്തം നിറവേറ്റിയെന്ന് കരുതരുത്. അന്വേഷണത്തിന് സമയപരിധി നിശ്ചയിക്കുകയും കണ്ടെത്തലുകൾ പൊതുജനങ്ങളെ അറിയിക്കുകയും വേണം. വീഴ്ച വരുത്തിയവർക്കെതിരെ നടപടി സ്വീകരിക്കുന്നതിനൊപ്പം ആശുപത്രിയുടെ ഭരണപരമായ ഉത്തരവാദിത്തവും പരിശോധിക്കണം. തൃശൂർ മെഡിക്കൽ കോളേജിൽ മാത്രം ഒതുങ്ങേണ്ട പരിശോധനയല്ല ഇത്. സംസ്ഥാനത്തെ എല്ലാ സർക്കാർ മെഡിക്കൽ കോളേജുകളിലും ജില്ലാ ആശുപത്രികളിലും രോഗീസുരക്ഷ, ശുചീകരണം, ജീവനക്കാരുടെ വിന്യാസം, നിരീക്ഷണ സംവിധാനം എന്നിവ അടിയന്തരമായി ഓഡിറ്റ് ചെയ്യണം. ആരോഗ്യരംഗത്തെ പുരോഗതി കെട്ടിടങ്ങളുടെ ഉയരത്തിലും ഉപകരണങ്ങളുടെ എണ്ണത്തിലും മാത്രം അളക്കാനാവില്ല. ആശുപത്രിയിലെത്തുന്ന രോഗിക്ക് സുരക്ഷിതമായ പരിചരണം ലഭിക്കുന്നുണ്ടോ എന്നതാണ് യഥാർഥ മാനദണ്ഡം. ചികിത്സയ്ക്കായി എത്തിയ ഒരാൾ ആശുപത്രിക്കുള്ളിൽ മരിച്ചുകിടക്കുന്നത് ഒന്നര ദിവസത്തോളം ആരുടെയും ശ്രദ്ധയിൽപ്പെടുന്നില്ലെങ്കിൽ അത് വ്യക്തിയുടെ ദുരന്തം മാത്രമല്ല, സംവിധാനത്തിന്റെ പരാജയം കൂടിയാണ്. മാക്കുട്ടി റാവുത്തറുടെ മരണത്തിന് നീതി ഉറപ്പാക്കുക എന്നത് അദ്ദേഹത്തിന്റെ കുടുംബത്തോടുള്ള ബാധ്യത മാത്രമല്ല; സർക്കാർ ആശുപത്രികളെ ആശ്രയിക്കുന്ന ലക്ഷക്കണക്കിന് സാധാരണക്കാരോടുള്ള ഉത്തരവാദിത്തം കൂടിയാണ്. താൽക്കാലിക വിശദീകരണങ്ങളും അന്വേഷണ പ്രഖ്യാപനങ്ങളുംകൊണ്ട് ഈ ദുരന്തത്തെ മറച്ചുവയ്ക്കാനാവില്ല. ഉത്തരവാദിത്തം ഉറപ്പാക്കുകയും വീഴ്ചകൾ തിരുത്തുകയും വേണം. രോഗിയുടെ ജീവനും സുരക്ഷയും ഉറപ്പാക്കാൻ കഴിയാത്ത ആരോഗ്യസംവിധാനത്തിന് പുരോഗതിയുടെ അവകാശവാദമുന്നയിക്കാനാവില്ല. മാക്കുട്ടി റാവുത്തറുടെ മരണം ഒരു മുന്നറിയിപ്പാണ് – സർക്കാർ ആശുപത്രികളിലെ രോഗീസുരക്ഷാ സംവിധാനം അടിമുടി അഴിച്ചുപണിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
